അയോധ്യ രാമക്ഷേത്രത്തിൽ 200 കോടിയുടെ തട്ടിപ്പ്; ട്രസ്റ്റ് ഭാരവാഹികളോട് അയോധ്യ വിടരുതെന്ന് എസ്‌ഐടി; പ്രാഥമിക റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രിക്ക് സമർപ്പിച്ചേക്കും


ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളിലും ഭൂമി ഇടപാടുകളിലും വൻ ക്രമക്കേട് കണ്ടെത്തി പ്രത്യേക അന്വേഷണ സംഘം (SIT). ഏകദേശം 200 കോടി രൂപയുടെ കൊള്ളയാണ് ക്ഷേത്രത്തിൽ നടന്നതെന്നാണ് എസ്‌ഐടിയുടെ പ്രാഥമിക നിഗമനം. കേസിൽ അന്വേഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളോടും ജീവനക്കാരോടും അയോധ്യ വിട്ടുപോകരുതെന്ന് എസ്‌ഐടി കർശന നിർദേശം നൽകിയിട്ടുണ്ട്. ആറ് ദിവസത്തെ വിശദമായ അന്വേഷണത്തിന് ശേഷം ലഖ്‌നൗവിൽ തിരിച്ചെത്തിയ സംഘം, പ്രാഥമിക റിപ്പോർട്ട് ഇന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സമർപ്പിച്ചേക്കുമെന്നാണ് വിവരം.

500% മുതൽ 800% വരെ വിലക്കൂട്ടി ഭൂമി വാങ്ങി; പണവും ആഭരണങ്ങളും കടത്തി

ക്ഷേത്ര നിർമാണത്തിനായി സാമഗ്രികൾ വാങ്ങിയതിലും വിവിധ ഘട്ടങ്ങളിലായി നടത്തിയ ഭൂമി ഇടപാടുകളിലും വൻ അഴിമതി നടന്നിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. വിപണി വിലയേക്കാൾ 500% മുതൽ 800% വരെ ഉയർന്ന നിരക്കിലാണ് ട്രസ്റ്റ് ഏകദേശം 71 ഏക്കറോളം ഭൂമി വാങ്ങിക്കൂട്ടിയത്. കാണിക്കപ്പണത്തിന് പുറമെ ക്ഷേത്രത്തിലേക്ക് ലഭിച്ച സ്വർണവും മറ്റ് വിലപിടിപ്പുള്ള ആഭരണങ്ങളും കടത്തിയതായും സൂചനയുണ്ട്. 2025-ന്റെ തുടക്കത്തിൽ നടന്ന പ്രയാഗ്രാജ് മഹാകുംഭമേളയുടെ സമയത്താണ് ഏറ്റവും വലിയ പണം തട്ടിപ്പ് നടന്നിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.


150 ഓളം സംശയിക്കപ്പെടുന്നവർ; 25 പേർക്കെതിരെ ഉടൻ നടപടി

വിപുലമായ അന്വേഷണത്തിൽ നിലവിൽ 150ഓളം പേരാണ് എസ്‌ഐടിയുടെ സംശയനിഴലിലുള്ളത്. ഇതിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയ 25 പേർക്കെതിരെ ഉടൻ തന്നെ കർശന നടപടിയുണ്ടാകും. സംശയിക്കപ്പെടുന്ന എല്ലാവരുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എസ്‌ഐടി ശേഖരിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ സംഭാവന എണ്ണുന്ന ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് ജീവനക്കാരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇതുവരെ 2 കോടി രൂപയോളം അധികൃതർ വീണ്ടെടുത്തിട്ടുണ്ട്. ലവ്കുഷ്, അവ്‌നിഷ്, അനുകൽപ്, കരുണെ, രാംശങ്കർ എന്നിവരെയാണ് നിലവിൽ ചോദ്യം ചെയ്തത്.


സിസിടിവി ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞു; അന്വേഷണം തടസ്സപ്പെടുത്താൻ ശ്രമം?

ക്ഷേത്രത്തിലെ സിസിടിവി കാമറകളിൽ നിന്നുള്ള പരിമിതമായ ദൃശ്യങ്ങൾ മാത്രമാണ് ലഭ്യമായിട്ടുള്ളത് എന്നത് അന്വേഷണത്തെ കാര്യമായി ബാധിക്കുന്നുണ്ട്. വെറും 45 ദിവസത്തെ ദൃശ്യങ്ങൾ മാത്രമാണ് നിലവിൽ ബാക്കിയുള്ളത്. അതിനുശേഷമുള്ള ദൃശ്യങ്ങൾ തനിയെ ഇല്ലാതാകുന്ന (ഓട്ടോ ഡിലീറ്റ്) തരത്തിലാണ് കാമറകൾ സജ്ജീകരിച്ചിരിക്കുന്നത്. ഇത് തെളിവ് നശിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമാണോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.


അതേസമയം, നിലവിലെ എസ്‌ഐടി അന്വേഷണം തൃപ്തികരമല്ലെന്നും സുതാര്യമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.

Post a Comment

Thanks

Previous Post Next Post