ഷാര്‍ജയില്‍ 2 വയസ്സുകാരന്റെ മരണം; മലയാളി ഉള്‍പ്പെടെ 2 പെണ്‍കുട്ടികള്‍ക്കെതിരെ അന്വേഷണം


ഷാർജ | ഫ്‌ളാറ്റിൽ നിന്ന് പാകിസ്താൻ സ്വദേശിയായ രണ്ടു വയസ്സുകാരൻ വീണ് മരിച്ച സംഭവത്തിൽ അയൽവാസികളായ മലയാളി, തമിഴ് പെൺകുട്ടികൾക്കെതിരെ പോലീസ് അന്വേഷണം. പെൺകുട്ടികളേയും രക്ഷിതാക്കളെയും വിശദമായി ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കാനാണ്‌ പോലീസ് ശ്രമമെന്നും കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾ കൂടുതൽ ജാഗ്രത കാട്ടണമെന്നും നിയമ വിദഗ്ധർ അഭിപ്രായപ്പെട്ടു.


ഷാർജ അൽ നഹദയിലാണ് പാകിസ്താൻ സ്വദേശിയായ രണ്ടുവയസ്സുകാരൻ കഴിഞ്ഞ ദിവസം മൂന്നാം നിലയിൽ നിന്നും വീണ് മരിച്ചത്. തൊട്ടടുത്ത അപാർട്ട്‌മെന്റിലെ പെൺകുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ ജനലിലൂടെ കുട്ടി താഴേക്ക് വീണ് അപകടമുണ്ടായെന്നായിരുന്നു പ്രാഥമിക വിവരം. എന്നാൽ കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ്‌ സംഭവത്തെ കുറിച്ച് സംശയമുണ്ടായത്. അപാർട്ട്‌മെന്റിന് പുറത്തുള്ള ഇടനാഴിയിലേക്ക് ഒമ്പത് വയസ്സുള്ള പെൺകുട്ടികൾ രണ്ട് വയസ്സുകാരനെ വിളിച്ചു വരുത്തുന്നതും കുട്ടി താഴേക്ക് വീഴുന്നതും ദൃശ്യങ്ങളിലുണ്ടെന്ന് പ്രാദേശിക ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സത്യാവസ്ഥ അറിയാനാണ് പെൺകുട്ടികളേയും അവരുടെ രക്ഷിതാക്കളേയും കസ്റ്റഡിയിലെടുത്തത്.


ഇതിൽ മലയാളി പെൺകുട്ടിയുടെ സ്വദേശം കണ്ണൂരാണ്. മനഃപൂർവ്വം കുട്ടികൾ ചെയ്തതാണോ, അബദ്ധത്തിൽ സംഭവിച്ചതാണോ, സംഭവശേഷം മറച്ചുവെയ്ക്കാൻ ശ്രമം ഉണ്ടായോ തുടങ്ങിയവയാണ് പോലീസ് അന്വേഷിക്കുന്നത്. കസ്റ്റഡിയിലുള്ളവർക്ക് ജാമ്യം ലഭിക്കാനുള്ള നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഷാർജയിലെ ശിശു സംരക്ഷണ അതോറിറ്റിയാണ്‌ കേസ് കൈകാര്യം ചെയ്യുന്നത്.

Post a Comment

Thanks

أحدث أقدم