തിരൂരങ്ങാടി: സംസ്ഥാനത്ത് വി. ഡി. സതീശന്റെ നേതൃത്വത്തിൽ അധികാരമേൽക്കാൻ പോകുന്ന പുതിയ മന്ത്രിസഭയിൽ, പ്രവാസികളുടെ പ്രശ്നങ്ങൾ മാത്രമായി കൈകാര്യം ചെയ്യാൻ സ്വതന്ത്ര ചുമതലയുള്ള ഒരു പ്രത്യേക മന്ത്രിയെ നിയമിക്കണമെന്ന് ഗൾഫ് മലയാളി കോ-ഓർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് വരുന്ന പ്രവാസികളുടെ ദീർഘകാലത്തെ ഈ ആവശ്യം ഉന്നയിച്ച് കമ്മിറ്റി ചെയർമാൻ അഷ്റഫ് കളത്തിങ്ങൽ പാറ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം അയച്ചു.
കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസി സമൂഹത്തിന്റെ പ്രശ്നങ്ങൾക്ക് കൂടുതൽ വേഗതയിലും കൃത്യതയോടും കൂടി പരിഹാരം കാണാൻ ഒരു പ്രത്യേക മന്ത്രി അത്യാവശ്യമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാണിച്ചു.
ഗൾഫ് രാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലും ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളി പ്രവാസികൾ തൊഴിൽപരമായതും അല്ലാത്തതുമായ ഒട്ടനവധി പ്രതിസന്ധികൾ നേരിടുന്നുണ്ട്. നിലവിൽ മറ്റ് പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാർക്ക് പ്രവാസി കാര്യങ്ങളിൽ പൂർണ്ണ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാത്ത സാഹചര്യമുണ്ട്. ഒരു സ്വതന്ത്ര മന്ത്രിയുണ്ടാകുന്നത് ഈ പരിമിതി മറികടക്കാൻ സഹായിക്കും.നിലവിലുള്ള പ്രവാസി ക്ഷേമ പദ്ധതികൾ കൂടുതൽ കാര്യക്ഷമമായി ആസൂത്രണം ചെയ്യുന്നതിനും, അർഹരായവരിലേക്ക് ആനുകൂല്യങ്ങൾ കാലതാമസമില്ലാതെ എത്തിക്കുന്നതിനും പ്രത്യേക മന്ത്രിയുടെ മേൽനോട്ടം അനിവാര്യമാണ്.
വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തൊഴിൽ നഷ്ടപ്പെട്ടും പ്രായപരിധി കഴിഞ്ഞും നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസം കൂടുതൽ ഊർജ്ജസ്വലമാക്കാൻ പുതിയ മന്ത്രാലയത്തിന് സാധിക്കും.പുതിയ മന്ത്രിസഭാ രൂപീകരണ വേളയിൽ തന്നെ ഇക്കാര്യത്തിൽ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Post a Comment
Thanks