മാപ്പിള കലകളുടെ ഉന്നമനത്തിനായി കൈകോർത്ത് അക്കാദമി; ഉത്തരമേഖല സംഗമം നടന്നു


​കോഴിക്കോട്: കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന കമ്മിറ്റിയുടെ ഉത്തരമേഖല പ്രതിനിധി സംഗമം കോഴിക്കോട് വേദി ഓഡിറ്റോറിയത്തിൽ നടന്നു. മാപ്പിള കലകളുടെ തനിമ ചോരാതെ സംരക്ഷിക്കുന്നതിനും പുതിയ തലമുറയിലേക്ക് ഇവ എത്തിക്കുന്നതിനുമായി അക്കാദമി നടപ്പിലാക്കുന്ന ഒരു വർഷത്തെ പ്രവർത്തന കർമ്മപദ്ധതിക്ക് സംഗമം അംഗീകാരം നൽകി. ഫൈസൽ എളേറ്റിൽ ഉദ്ഘാടനം നിർവഹിച്ചു.


​അക്കാദമി സംസ്ഥാന പ്രസിഡന്റ് എ.കെ. മുസ്തഫ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആരിഫ് കാപ്പിൽ സ്വാഗതവും ഇസ്രത്ത് സബ പ്രാർത്ഥനാ ഗീതവും ആലപിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി നൗഷാദ് വടകര പുതിയ കർമ്മപദ്ധതി അവതരിപ്പിച്ചു. ലുക്മാൻ അരീക്കോട് 'സംഘാടനം' എന്ന വിഷയത്തിൽ ക്ലാസെടുത്തു. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ അക്കാദമി ഭാരവാഹികൾ തങ്ങളുടെ ജില്ലാ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.


​ചടങ്ങിൽ വെച്ച് റംസാൻ ക്വിസ് മത്സരത്തിൽ വിജയികളായ ബെനസീർ ബീഗം, നാസർ കാക്കാടംപുറം, സാബി തെക്കെപുറം, യാക്കൂബ് മമ്പാട് എന്നിവർക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു. സംസ്ഥാന ഭാരവാഹികളായ ചാലോട രാജീവൻ, മുഹമ്മദലി മാസ്റ്റർ, രാധാകൃഷ്ണൻ പൂവത്തിക്കൽ, മുക്കം സാജിത തുടങ്ങിയവരും ചാരിറ്റി വിംഗ് ഭാരവാഹികളും സംസാരിച്ചു. യുസഫ് കട്ടതടുക്ക, ഹഫ്സത്ത് തിരൂർ, ഇസ്ഹാഖ് കുരിക്കൾ എന്നിവർ അവതരിപ്പിച്ച ഇശൽ വിരുന്നോടു കൂടിയാണ് സംഗമം സമാപിച്ചത്.


Post a Comment

Thanks

أحدث أقدم