കരിപ്പൂർ ഹജ്ജ് ക്യാമ്പ് സജീവമായി, ആദ്യ സംഘം പുലർച്ചെ പുറപ്പെട്ടു


കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കോഴിക്കോട് വിമാനത്താവളം വഴി മക്കയിലേക്ക് തിരിക്കുന്ന തീർത്ഥാടകർക്കായുള്ള ഹജ്ജ് ക്യാമ്പ് കരിപ്പൂർ ഹജ്ജ് ഹൗസിൽ ആരംഭിച്ചു.  ഇന്ന് പുലർച്ചെ 12.20-നാണ് ആദ്യ വിമാനം  പുറപ്പെട്ടത്. 


തീർത്ഥാടകർ ആദ്യം വിമാനത്താവളത്തിലെത്തിയാണ് റിപ്പോർട്ട് ചെയ്യേണ്ടത്. വിമാനത്താവള കൗണ്ടറിൽ ലഗേജ് സ്വീകരിക്കുന്നതും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതും കഴിഞ്ഞാൽ തീർത്ഥാടകരെ ഹജ്ജ് ഹൗസിലെ ക്യാമ്പിലേക്ക് കൊണ്ടുപോകും.


ആദ്യ വിമാനത്തിൽ  പോയവർ  ഇന്നലെ രാവിലെ 9 മുതൽ 11.30 വരെയും രണ്ടാം വിമാനത്തിലെ യാത്രക്കാർ രാവിലെ 11.30 മുതൽ ഒരു മണി വരെയുമാണ് വിമാനത്താവളത്തിൽ റിപ്പോർട്ട്  ചെയ്തിരുന്നു. ആദ്യ വിമാനത്തിലെ 143 തീർത്ഥാടകരെ ഉണ്ടായിരുന്നത്. 


ഈ മാസം 17 വരെ നീളുന്ന സർവീസിൽ ആകെ ഏഴ് വിമാനങ്ങളിലായി 969 തീർത്ഥാടകരാണ് മക്കയിലേക്ക് തിരിക്കുന്നത്. ആകാശ എയറാണ് തീർത്ഥാടകർക്കായി സർവീസ് നടത്തുന്നത്.


തീർത്ഥാടകരുടെ സുരക്ഷയും സൗകര്യവും വർദ്ധിപ്പിക്കുന്നതിനായി ഈ വർഷം മുതൽ സ്മാർട്ട് വാച്ചുകൾ നൽകുന്നുണ്ട്. ഹജ്ജ് കർമ്മങ്ങൾക്കിടെ തിരക്കിൽപ്പെട്ട് തീർത്ഥാടകരെ കാണാതാകുന്നത് തടയാനും, ആരെങ്കിലും ഒറ്റപ്പെട്ടുപോയാൽ അവരെ വേഗത്തിൽ കണ്ടെത്താനുമാണ് ലൊക്കേഷൻ ട്രാക്കിംഗ് സംവിധാനമുള്ള വാച്ചുകൾ ഏർപ്പെടുത്തുന്നത്.


'ഹജ്ജ് സുവിധ' ആപ്പ് ലഭ്യമാകുന്ന ഈ വാച്ചിലൂടെ താമസസ്ഥലം ഉൾപ്പെടെയുള്ള വിവരങ്ങൾ എളുപ്പത്തിൽ അറിയാം. ക്യാമ്പിലെത്തുന്നവർക്ക് സ്മാർട്ട് വാച്ച്, തിരിച്ചറിയൽ കാർഡ്, ലഗേജ് ടാഗ് എന്നിവ ഉൾപ്പെടുന്ന കിറ്റും വിതരണം ചെയ്യും.

 

24 ഉദ്യോഗസ്ഥരെയാണ് രേഖകൾ കൈകാര്യം ചെയ്യാൻ നിയോഗിച്ചിട്ടുള്ളത്. തീർത്ഥാടകരുടെ യാത്ര സുഗമമാക്കാൻ വിപുലമായ സന്നദ്ധ സേവന പ്രവർത്തനങ്ങളാണ് ഹജ്ജ് ഹൗസിലും വിമാനത്താവളത്തിലും ഒരുക്കിയിരിക്കുന്നത്.


പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രതിനിധികളും കരിപ്പൂരിൽ എത്തിയിട്ടുണ്ട്.

Post a Comment

Thanks

أحدث أقدم