തിരൂരങ്ങാടി:ജില്ലയിലെ എല്ലാ താലൂക്ക് ആശുപത്രികളും മെഡിക്കൽ കോളേജും ജില്ലാ ആശുപത്രികളും അടുത്ത ദിവസത്തെ ഒ.പി. വിഭാഗം ഡോക്ടർമാരുടെ ലിസ്റ്റ് തലേന്ന് വൈകുന്നേരം ആറ് മണിയോടെ പ്രസിദ്ധീകരിക്കുമ്പോൾ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ മാത്രം ഒ.പി.വിഭാഗം ഡോക്ടർമാരുടെ ലിസ്റ്റ് വൈകുന്നത് രോഗികളെ ബുദ്ധിമുട്ടിക്കുന്നു. സോഷ്യൽ മീഡിയ വഴിയും പ്രാദേശിക വാട്സാപ് ഗ്രൂപ്പുകൾ വഴിയും ലഭിക്കുന്ന ഒ.പി. ലിസ്റ്റ് നോക്കി അവർക്ക് വേണ്ട ഡോക്ടർ ഉണ്ടെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് പല രോഗികളും ഇപ്പോ ആശുപത്രികളിലെത്തുന്നത്.
എന്നാൽ തിരൂരങ്ങാടിയിൽ ഡോക്ടർമാരുടെ ഒ.പി. ലിസ്റ്റ് ലഭിക്കാൻ പാതിരാ കഴിയണം.ലിസ്റ്റ് പുറത്ത് എത്തുമ്പോഴേക്കും ആളുകൾ ഉറങ്ങി കഴിഞ്ഞിട്ടുണ്ടാവും. നേരം പുലർന്ന് ലിസ്റ്റ് നോക്കി ആശുപത്രിയിൽ എത്തുമ്പോഴേക്കും ടോക്കൺ ലഭിക്കാത്ത അവസ്ഥയുമായിരിക്കും.
ആശുപത്രിയിലെ ഓരോ ദിവസത്തെയും ഒ.പി. ലിസ്റ്റ് തയ്യാറാക്കുന്നത് ആർ.എം.ഒ.യാണ്. ഉച്ചക്ക് ഒരു മണിയോടെ എല്ലാ ഡോക്ടർമാരുടെയും ഡ്യൂട്ടി അവസാനിക്കും. ക്യാഷ്യാലിറ്റി , നൈറ്റ് ഡ്യൂട്ടി എന്നിവ മാറ്റി നിർത്തിയാൽ മറ്റ് ഡോക്ടർമാരുടെ ഒ.പി. ലിസ്റ്റ് നേരത്തെ തയ്യാറാക്കാമെന്നിരിക്കെ ഇവിടെ ആർ.എം.ഒ. മനപൂർവ്വം ലിസ്റ്റ് വൈകിപ്പിക്കുകയാണെന്ന് പരക്കെ ആക്ഷേപമുണ്ട്. തിരൂരങ്ങാടിയിൽ നേരത്തെ രാവിലെ 8 മണിക്കായിരുന്നു ലിസ്റ്റ് പ്രദർശിപ്പിച്ചിരുന്നത്. എന്നാൽ ഡോ: പ്രഭുദാസ് സുപ്രണ്ടായി വന്നതിന് ശേഷം സന്നദ്ധ സംഘടനകളുടെ നിരന്തര ആവശ്യപ്രകാരം ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ രാത്രി 8 മണിക്ക് മുമ്പായി ഒ.പി.ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു.
എന്നാൽ നിലവിൽ ലിസ്റ്റ് നേരത്തെ തയ്യാറാകുന്നുണ്ടെങ്കിലും അത് പുറത്തുവിടാൻ ആർ.എം.ഒ. തയ്യാറാകുന്നില്ല. ലിസ്റ്റ് വൈകുന്നത് കാരണം വിദൂര സ്ഥലങ്ങളിൽ നിന്ന് എത്തുന്ന രോഗികൾ വലിയ ദുരിതമാണ് നേരിടുന്നത്.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ.എഫ്.പി.ആർ തിരൂരങ്ങാടി താലൂക്ക് കമ്മറ്റി ഭാരവാഹികളായ അറഫാത്ത് പാറപ്പുറം, അഷ്റഫ് കളത്തിങ്ങൽ പാറ, ഇസ്സു ഇസ്മായിൽ ഉള്ളാട്ട് എന്നിവർ ചേർന്ന് ആശുപത്രി സുപ്രണ്ടിനും നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സണും പരാതി നൽകി. പ്രശ്നത്തിന് ഉടൻപരിഹാരമുണ്ടാക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്. നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ എൻ.എഫ്.പി.ആർ. സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
ഫോട്ടോ:
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഒ.പി. ലിസ്റ്റ് വൈകുന്നതിനെതിരെ എൻ.എഫ്.പി.ആർ. തിരൂരങ്ങാടി താലൂക്ക് ഭാരവാഹികൾ ആശു പത്രി അധികൃതർക്ക് പരാതി നൽകുന്നു
Post a Comment
Thanks