തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാനപാലനവും ജനസൗഹൃദ പൊലീസിംഗും ശക്തമാക്കുന്നതിന്റെ ഭാഗമായി സുപ്രധാന തീരുമാനങ്ങളുമായി ആഭ്യന്തര വകുപ്പ്. പോലീസ് ആസ്ഥാനത്ത് എത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിർണായക നിർദ്ദേശങ്ങൾ നൽകിയത്. ലഹരിമാഫിയയെ അടിച്ചമർത്തുന്നത് മുതൽ പോലീസ് സേനയിലെ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നത് വരെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയായി.
യോഗത്തിൽ എടുത്ത പ്രധാന തീരുമാനങ്ങൾ
ലഹരി മാഫിയക്കെതിരെ 'ഓപ്പറേഷൻ തൂഫാൻ': വർദ്ധിച്ചുവരുന്ന ലഹരി മാഫിയയുടെ പ്രവർത്തനങ്ങളെ പൂർണ്ണമായും അടിച്ചമർത്താൻ "ഓപ്പറേഷൻ തൂഫാൻ ദ നാർകോ ഹണ്ട്" എന്ന പേരിൽ പുതിയ പദ്ധതിക്ക് രൂപം നൽകും.
ജനങ്ങളുടെ പരാതികൾ കൃത്യമായി കേൾക്കുന്നതിനും പരിഹരിക്കുന്നതിനുമായി സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ജനസമ്പർക്ക സമിതികൾ രൂപീകരിക്കും. ജനമൈത്രി പോലീസ് സംവിധാനം കൂടുതൽ ശക്തമാക്കും.
പോലീസ് സ്റ്റേഷനുകളുടെ ചുമതലയുമായി ബന്ധപ്പെട്ട വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ADGP ഹെഡ്ക്വാർട്ടേഴ്സിന്റെ നേതൃത്വത്തിൽ അഞ്ചംഗ പ്രത്യേക ടീമിനെ പോലീസ് മേധാവി നിയോഗിച്ചിട്ടുണ്ട്. ഈ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും അന്തിമ നടപടി.
പോലീസ് സ്റ്റേഷനുകളിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന വാഹനങ്ങൾ ഒഴുവാക്കാൻ പോലീസ് ആക്ട് പ്രകാരമുള്ള നടപടികൾ വേഗത്തിലാക്കും.
കുട്ടികൾക്കും സ്ത്രീകൾക്കും എതിരായ അക്രമങ്ങളിൽ ശക്തമായ നടപടിയുണ്ടാകും. സൈബർ കുറ്റകൃത്യങ്ങൾ നേരിടാൻ പ്രത്യേക പദ്ധതിയും ട്രാഫിക് അപകടങ്ങൾ കുറക്കാൻ ആധുനിക സാങ്കേതികവിദ്യയും ഉപയോഗിക്കും. എല്ലാ സ്റ്റേഷനുകളിലും സി.സി.ടി.വി.കൾ പ്രവർത്തനസജ്ജമാണെന്ന് ഉറപ്പാക്കും.
കസ്റ്റോഡിയൽ മരണങ്ങൾ ഇനി പാടില്ല.
പോലീസ് സ്റ്റേഷനുകളിലെ കസ്റ്റോഡിയൽ വയലൻസ് പൂർണ്ണമായും ഇല്ലാതാക്കുമെന്ന് യോഗത്തിൽ കർശന നിർദ്ദേശം നൽകി. ഇതിനൊപ്പം തന്നെ പോലീസ് ഉദ്യോഗസ്ഥർക്കായി സേനയിൽ സമ്മർദ്ദരഹിത തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുമെന്നും, കാലാനുസൃതമായി പോലീസ് ട്രെയിനിങ് സിലബസ് പരിഷ്കരിക്കുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
إرسال تعليق
Thanks