മയക്കുമരുന്ന് സംഘവുമായി ബന്ധം: കോട്ടക്കൽ സ്റ്റേഷനിലെ സി പി ഒ ഗോവിന്ദരാജിന് സസ്പെൻഷൻ


​കൊണ്ടോട്ടി | മയക്കുമരുന്ന് കടത്ത് സംഘവുമായി ബന്ധം പുലർത്തിയെന്ന കേസിൽ പോലീസുകാരനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.

കരിപ്പൂർ പോലീസ് സ്റ്റേഷനിലെ പി ആർ ഒ ആയിരുന്ന നിലവിൽ കോട്ടക്കൽ സ്റ്റേഷനിൽ സി പി ഒ യുമായ പി ഗോവിന്ദരാജിനെയാണ് അന്വേഷണ വിധേയമായി മലപ്പുറം എസ് പി ചൈത്ര തെരേസ ജോൺ സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ജനുവരി 10ന് കരിപ്പൂരിലെ ഒരു വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം നാർക്കോട്ടിക് വിഭാഗം പിടികൂടിയിരുന്നു. 1.99 കോടിയുടെ മയക്കുമരുന്നാണ് നാർക്കോട്ടിക് വിഭാഗം ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ പിടികൂടിയിരുന്നത്.

നാല് പേർ അറസ്റ്റിലാവുകയും ചെയ്തു. ഇവരെ ചോദ്യം ചെയ്തതിൽ കരിപ്പൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മയക്കുമരുന്ന് വിപണനത്തിന് കൂട്ടുനിൽക്കുന്നതായി തെളിഞ്ഞു. മാസങ്ങൾക്ക് മുമ്പ് 40 ഗ്രാം എം ഡി എം എയുമായി പ്രതികളെ കരിപ്പൂരിൽ നിന്ന് പിടികൂടിയിരുന്നു.

ഇവരുടെ ഫോണിലേക്ക് ഗോവിന്ദരാജ് വിളിച്ചതായും കണ്ടെത്തിയിരുന്നു.

സ്റ്റേഷൻ ഓഫീസർ അബ്ബാസ് അലിയെ പാലക്കാട്ടേക്ക് സ്ഥലം മാറ്റി.

ഈ കേസുമായി ബന്ധപ്പെട്ട് കരിപ്പൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ധനേഷിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. മലപ്പുറം ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സമർപ്പിച്ച സ്പെഷ്യൽ റിപ്പോർട്ടിന്മേൽ കൊണ്ടോട്ടി അസി. പോലീസ് കമ്മീഷണർ നടത്തിയ അന്വേഷണത്തെ തുടർന്നാണ് ഗോവിന്ദരാജിനെ സസ്പെൻഡ് ചെയ്തത്.

Post a Comment

Thanks

أحدث أقدم