മിനായിലേക്ക് തീർഥാടക പ്രവാഹം; അറഫ സംഗമം നാളെ


'ലബൈക്കല്ലാഹുമ്മ ലബ്ബക്ക്... ഇന്നൽഹംദ വന്നിഅ്‌മത ലാ ശരീക ലക്... തൽബിയത് ഉരുവിട്ടുകൊണ്ട് തീർഥാടകലക്ഷങ്ങളുടെ മിനായിലേക്കുള്ള പ്രവാഹം ആരംഭിച്ചു. സഹസ്രാബ്ദങ്ങൾക്കപ്പുറം പ്രവാചകൻ ഇബ്റാഹീം നബി ഹജ്ജിനു വിളംബരം ചെയ്ത ആഹ്വാനം സ്വീകരിച്ചെത്തിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജനലക്ഷങ്ങൾ ഇന്ന് മിന താഴ്വരയിൽ സംഗമിക്കും. ഇന്നലെ തന്നെ തമ്പുകളുടെ നഗരിയായ മിന താഴ്വാരം ലക്ഷ്യമാക്കി ഹാജിമാർ യാത്ര തുടങ്ങിയിരുന്നു. ഒരേ ലക്ഷ്യവും മനസും വേഷവുമായി മിനായിലെത്തുന്ന തീർഥാടകർ ഇന്ന് അവിടെ സമ്മേളിച്ച് തൽബിയത് ഉരുവിടുമ്പോൾ മിന ഭക്തിസാന്ദ്രമാകും.



പാപമോചനത്തിനും അല്ലാഹുവിന്റെ കാരുണ്യത്തിനും കണ്ണീരോടെ കേഴുന്ന ഹൃദങ്ങളുമായി ഹാജിമാർ പൂർണമായും ഇന്ന് മിനായിലെത്തുന്നതോടെ താഴ്വര മനുഷ്യസാഗരമായി മാറും. തിരക്ക് കുറയ്ക്കുന്നതിന് വേണ്ടിയും സുരക്ഷ മുൻനിർത്തിയും ഹാജിമാർ ഇന്നലെ തന്നെ മക്കയിൽനിന്ന് മിനായിലേക്ക്പ്രയാണം ആരംഭിച്ചിരുന്നു. ഇന്ത്യൻഹാജിമാർക്ക് മിനായിലേക്ക് പോകാനായുള്ള സമയവും നിർദേശങ്ങളും നേരത്തെ തന്നെ ഇന്ത്യൻ ഹജ്ജ് മിഷൻ നൽകിയിരുന്നു. ഇതനുസരിച്ച് തയാറായ ഹാജിമാർ സമയക്രമീകരണം അനുസരിച്ച് ട്രെയിനിലും ബസുകളിലുമായി മിനായിലേക്ക് നീങ്ങി.


തർവിയത് ദിനമായ ഇന്ന് ഹാജിമാർക്ക് പ്രത്യേക കർമങ്ങളൊന്നുമില്ല. നാളെ നടക്കുന്ന അറഫാ സംഗമത്തിനുള്ള ഒരുക്കം മാത്രമാണ് ഇന്നുള്ളത്. ളുഹർ, അസർ, മഗ്‌രിബ്, ഇശാ, സുബ്ഹി നിസ്കാരങ്ങൾ ഹാജിമാർ മിനായിൽ വച്ചുതന്നെ നിർവഹിക്കും. നിർബന്ധ നിസ്കാരങ്ങൾ മിനായിൽ നിർവഹിക്കുന്നത് പ്രത്യേകം പുണ്യമാക്കപ്പെട്ടതിനാൽ ഉച്ചയ്ക്ക് മുമ്പെ മിനായിലെത്താനുള്ള ശ്രമത്തിലാണ് ഹാജിമാർ.

Post a Comment

Thanks

أحدث أقدم