മലപ്പുറം:സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്പായി പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍. മലപ്പുറം ബുക്ക് ഡിപ്പോയിലും ഹയര്‍ സെക്കന്‍ഡറി റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസിലും നടത്തിയ സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് തന്നെ പുസ്തകങ്ങള്‍ കുട്ടികളുടെ കൈകളില്‍ എത്തേണ്ടതുണ്ട്. അച്ചടി വൈകുന്നത് വിതരണത്തെ ബാധിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് കൃത്യമായ ധാരണയുണ്ടാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മലപ്പുറം ജില്ലയില്‍ ഇനി വളരെ കുറച്ചു പുസ്തകങ്ങള്‍ മാത്രമാണ് വരാനുള്ളത്. മെയ് 30-ന് മുമ്പ് ജില്ലയ്ക്ക് ആവശ്യമായ മുഴുവന്‍ പുസ്തകങ്ങളും എത്തിക്കാന്‍ കഴിയും. മൂന്ന് ദിവസം മുമ്പ് തന്നെ ആവശ്യമായതിന്റെ 80 ശതമാനത്തിലധികം പുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായിട്ടുണ്ട്. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഫിറ്റ്‌നസ് പരിശോധനകള്‍ക്കും പ്രവേശനോത്സവത്തിനുമുള്ള കൃത്യമായ ഗൈഡ്ലൈന്‍ നല്‍കിയിട്ടുണ്ട്. പാങ്ങ് സ്‌കൂളിലെ അധ്യാപക നിയമനം ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
വിദ്യാര്‍ത്ഥികളുടെയും സഹ അധ്യാപകരുടെയും മാനസിക പ്രയാസങ്ങള്‍ പരിഹരിക്കാന്‍ മഞ്ഞളാംകുഴി അലി എം.എല്‍.എയുമായി ആലോചിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള പ്രത്യേക നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ

إرسال تعليق
Thanks