പേരാമ്പ്ര ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ കക്കറ മുക്ക് റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി വെന്തുമരിച്ചത് ആശുപത്രിയിൽ പോയി മടങ്ങുന്നതിനിടെ. 31 കാരിയായ സോനയാണ് ഭർത്താവിനൊപ്പം കാറിൽ സഞ്ചരിക്കവെ കാർ കത്തി മരിച്ചത്.
കൂടെയുണ്ടായിരുന്ന ഭർത്താവിന് ഗുരുതരമായി പൊള്ളലേറ്റു. ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ വ്യാഴാഴ്ച രാത്രി 9.15-ഓടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം. ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച സ്വിഫ്റ്റ് കാറാണ് പെട്ടെന്ന് കത്തിയമർന്നത്.
റോഡിലൂടെ പോവുകയായിരുന്ന കാറിൽനിന്ന് പെട്ടെന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ നാട്ടുകാർ സംഭവസ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു. കാറിനുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നത് കണ്ട നാട്ടുകാർ തൊട്ടടുത്ത നെൽവയലിൽനിന്ന് വെള്ളം കോരിയൊഴിച്ചാണ് തീയണയ്ക്കാനും ഇവരെ പുറത്തെടുക്കാനും ശ്രമിച്ചത്. നാട്ടുകാരുടെ കൃത്യമായ ഇടപെടലിനെത്തുടർന്നാണ് ഭർത്താവിനെ കാറിൽനിന്ന് പുറത്തെടുക്കാനായത്.
ഉടൻതന്നെ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.
വിവരമറിഞ്ഞ് പേരാമ്പ്രയിൽനിന്ന് ഫയർഫോഴ്സ് യൂണിറ്റ് സംഭവസ്ഥലത്തേക്ക് തിരിച്ചു. എന്നാൽ ഫയർഫോഴ്സ് സംഘം എത്തുന്നതിനുമുൻപുതന്നെ നാട്ടുകാർ ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. കാറിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

إرسال تعليق
Thanks