റിയാദ് | സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും. ജയില്‍ മോചനത്തിനായുള്ള നടപടിക്രമങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായതായാണ് സൂചന.
താമസിയാതെ അബ്ദുറഹീമിന് നാട്ടിലെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ 2006-ലാണ് കോഴിക്കോട് ഫറോക് സ്വദേശി അബ്ദുറഹീം ജയിലിലാകുന്നത്. പൊതു അവകാശ കേസില്‍ കോടതി വിധിച്ച 20 വര്‍ഷത്തെ തടവ് ശിക്ഷയുടെ കാലാവധി ഇന്ന് അവസാനിക്കുകയാണ്. മോചനത്തിനുള്ള നടപടിക്രമങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട് എന്നാണ് സൂചന.
താമസിയാതെ ആഭ്യന്തര മന്ത്രാലയം ഫൈനല്‍ എക്‌സിറ്റ് വിസ അനുവദിക്കും. ഇതോടെ സൗദി സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുള്ള നടപടികള്‍ പൂര്‍ത്തിയാകും. തുടര്‍ന്ന് യാത്രാ തിയ്യതി ക്രമീകരിച്ച് നാട്ടിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷ.
രാജ്യം വിടാനുള്ള എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് റിയാദിലെ ഇന്ത്യന്‍ എംബസി തയ്യാറാക്കിയിട്ടുണ്ട്. സ്വകാര്യ അവകാശ കേസില്‍ അബ്ദുറഹീമിന് കോടതി വിധിച്ചത് വധശിക്ഷയായിരുന്നു . 15 മില്യണ്‍ റിയാല്‍ അഥവാ 34 കോടിയോളം രൂപ മോചന ദ്രവ്യം വാങ്ങി കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം അബ്ദുറഹീമിന് മാപ്പ് നല്‍കി. കോടതി വധശിക്ഷ റദ്ദാക്കുകയും ചെയ്തു.
ഇതോടെ പൊതു അവകാശ കേസിലെ തടവ് ശിക്ഷയ്ക്ക് ശേഷം മോചനത്തിനുള്ള വഴി തെളിഞ്ഞു. മോചന ദ്രവ്യം നല്‍കാനുള്ള പണം മലയാളികള്‍ ഒറ്റക്കെട്ടായി സ്വരൂപിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ അബ്ദുറഹീമിന്റെ മോചനത്തിനായി കാത്തിരിക്കുകയാണ് കുടുംബവും, മലയാളികളും.
إرسال تعليق
Thanks