ചെന്നൈ തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ച് വിജയ്. മൂന്ന് സുപ്രധാന ഉത്തരവുകളിലാണ് അദ്ദേഹം ആദ്യമായി ഒപ്പിട്ടത്. സാധാരണക്കാര്‍ക്കും സ്ത്രീകള്‍ക്കും സുരക്ഷയ്ക്കും മുന്‍ഗണന നല്‍കുന്നതാണ് ഈ തീരുമാനങ്ങള്‍.
മുഖ്യ പ്രഖ്യാപനങ്ങള്‍
സൗജന്യ വൈദ്യുതി: സംസ്ഥാനത്തെ ജനങ്ങള്‍ക്ക് 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നല്‍കും.
സ്ത്രീ സുരക്ഷാ സേന: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും അവര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനുമായി പ്രത്യേക സേന രൂപീകരിക്കും.
ലഹരി വിരുദ്ധ ടാസ്‌ക് ഫോഴ്സ്: ലഹരിമരുന്ന് ഉപയോഗം അടിച്ചമര്‍ത്തുന്നതിനായി പ്രത്യേക ലഹരി വിരുദ്ധ ടാസ്‌ക് ഫോഴ്സ് രൂപീകരിക്കും.
‘യഥാര്‍ത്ഥ സാമൂഹ്യനീതിയുടെ തുടക്കം’
വിജയ് സത്യപ്രതിജ്ഞയ്ക്ക് ശേഷം നടത്തിയ പ്രസംഗത്തില്‍ വൈകാരികമായ വരികളിലൂടെയാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്.
‘ഇതൊരു പുതിയ തുടക്കമാണ്. മതേതരത്വത്തിലും സാമൂഹ്യനീതിയിലും അധിഷ്ഠിതമായ ഒരു പുതിയ കാലഘട്ടം ഇവിടെ ആരംഭിക്കുന്നു. ഞാന്‍ ഒരു മാലാഖയല്ല, ഒരു സാധാരണക്കാരനാണ്. ഏതെങ്കിലും രാജകുടുംബത്തില്‍ ജനിച്ചവനല്ല ഞാന്‍. നിങ്ങളുടെ മകനെപ്പോലെ, സഹോദരനെപ്പോലെ, നിങ്ങളുടെ ‘തമ്പി’യെപ്പോലെ ഒരാളാണ് ഞാന്‍. ദാരിദ്ര്യവും വിശപ്പും എന്താണെന്ന് എനിക്കറിയാം.’
യഥാര്‍ത്ഥ സാമൂഹ്യനീതി നടപ്പിലാക്കുന്ന ഒരു ഭരണമായിരിക്കും തന്റേതെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
”എന്റെ ഭരണത്തില്‍ ഒരേയൊരു അധികാര കേന്ദ്രമേ ഉണ്ടാകൂ. അവിടെയും ഇവിടെയും വേറെ വേറെ അധികാര കേന്ദ്രങ്ങളുണ്ടാവില്ല. ഞാന്‍ തെറ്റ് ചെയ്യില്ല. എന്റെ സര്‍ക്കാരിലുള്ള ഒരാളെയും തെറ്റ് ചെയ്യാന്‍ അനുവദിക്കില്ല. ചെയ്തവനെ വെറുതെ വിടില്ല. അങ്ങിനെ തെറ്റ് ചെയ്യാമെന്ന് കരുതി ആരെങ്കിലും കൂടെ വന്നിട്ടുണ്ടെങ്കില്‍ ഇപ്പോഴേ അത് മാറ്റിവച്ചേക്കൂ”- വിജയ് മുന്നറിയിപ്പ് നല്‍കി.
ഡിഎംകെ സര്‍ക്കാര്‍ കോടികളുടെ കടം വരുത്തിവച്ച് ഖജനാവ് കാലിയാക്കിയാണ് പോയിരിക്കുന്നത്. അകത്ത് കയറി നോക്കിയാല്‍ മാത്രമേ എന്തൊക്കെയാണ് ചെയ്ത് വച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ പറ്റൂ. സര്‍ക്കാരിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കി ധവള പത്രം ഇറക്കുകയായിരിക്കും ആദ്യ നടപടി. തികച്ചും സുതാര്യമായി മാത്രമേ താന്‍ മുന്നോട്ടു പോകൂ എന്നും വിജയ് പ്രഖ്യാപിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ നല്‍കിയ പ്രധാന വാഗ്ദാനങ്ങള്‍ ആദ്യ ദിനം തന്നെ നടപ്പിലാക്കിയത് ടിവികെ പ്രവര്‍ത്തകര്‍ക്കിടയിലും പൊതുജനങ്ങള്‍ക്കിടയിലും വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.
Post a Comment
Thanks