പറമ്പിൽപീടികയിൽ ശരീരം ഒന്നാകെ മൂടിപ്പുതച്ചെത്തിയ മോഷ്ടാവ് മലഞ്ചരക്ക് കടയുടെ ഷട്ടറിന്റെ പൂട്ട് പൊളിച്ച് അകത്തുകയറി 60 കിലോ കുരുമുളക് കവർന്നു. പെരുവള്ളൂർ പറമ്പിൽപീടികയിൽ പ്രവർത്തിക്കുന്ന ചോക്ലി ഇല്യാസിന്റെ 'കുറ്റ്യാടി ട്രേഡേഴ്സ്' എന്ന സ്ഥാപനത്തിൽ പുലർച്ചെയാണ് നാടിനെ നടുക്കിയ ഈ കവർച്ച നടന്നത്.
രണ്ട് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള കുരുമുളകാണ് മോഷ്ടാവ് കടത്തിക്കൊണ്ടുപോയത്.സ്ഥാപനത്തിൽ വലിയ അളവിൽ നാളികേരവും അടയ്ക്കയും ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം സുരക്ഷിതമാണ്.
മോഷ്ടാവ് കുരുമുളക് മാത്രം ലക്ഷ്യം വെച്ചാണ് എത്തിയതെന്നാണ് നിഗമനം. കുരുമുളക് നഷ്ടപ്പെട്ട വകയിൽ വ്യാപാരിക്ക് ഏകദേശം 40,000 രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ട്.
സംഭവത്തെത്തുടർന്ന് വ്യാപാരി പോലീസിൽ പരാതി നൽകി. കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മോഷ്ടാവ് ശരീരം പൂർണ്ണമായി മറച്ച രീതിയിൽ ആണ് ഉള്ളത്. എന്നാൽ, ഇയാൾ ശരീരം മറയ്ക്കുന്നതിന് മുൻപുള്ള ദൃശ്യങ്ങൾ പരിസരത്തെ മറ്റ് ക്യാമറകളിൽ പതിഞ്ഞിട്ടുണ്ടോ എന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ഏകദേശം 20 ദിവസം മുൻപ് ഇല്യാസിന്റെ തന്നെ ഉടമസ്ഥതയിലുള്ള മറ്റൊരു മലഞ്ചരക്ക് കടയിലും പൂട്ട് പൊളിച്ച് മോഷണം നടത്താൻ വിഫലശ്രമം നടന്നിരുന്നു. മലഞ്ചരക്ക് സാമഗ്രികൾ മാത്രം ലക്ഷ്യമിട്ട് കവർച്ച ചെയ്യാൻ തക്കം പാർത്ത് പ്രത്യേക സംഘം ഈ മേഖലയിൽ തമ്പടിച്ചിട്ടുണ്ടെന്നാണ് വ്യാപാരികളുടെയും പോലീസിന്റെയും പ്രാഥമിക നിഗമനം.
സംഭവത്തിൽ പോലീസ് കേസെടുത്ത് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
إرسال تعليق
Thanks