തിരൂരങ്ങാടി: ഡോക്ടർമാരുടെ കുറവ് മൂലം മുടങ്ങിയിരുന്ന തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ വൈകുന്നേരത്തെ ഒ.പി (Evening OP) ഈ മാസം 21-ാം തീയതി തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും. നഗരസഭ ചെയർപേഴ്സൺ സി.പി. ഹബീബ ബഷീർ, ഡെപ്യൂട്ടി ചെയർപേഴ്സൺ എം. അബ്ദുറഹിമാൻ കുട്ടി എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.
നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തുക അനുവദിച്ചാണ് താലൂക്ക് ആശുപത്രിയിൽ ഉച്ചയ്ക്ക് ശേഷമുള്ള ഒ.പി സൗകര്യം പ്രവർത്തിച്ചു വരുന്നത്. നിലവിലുണ്ടായിരുന്ന ഡോക്ടർ റിലീവ് ചെയ്തതും, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ പുതിയ നിയമനം നടത്താൻ സാധിക്കാത്തതുമാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഒ.പി മുടങ്ങാൻ കാരണമായത്.
ജില്ലാ തലത്തിൽ നടത്തുന്ന ഇന്റർവ്യൂ വഴിയാണ് പുതിയ ഡോക്ടറെ നിയമിക്കേണ്ടത്. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഇതിനായി പ്രത്യേക അനുമതി തേടി തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകിയിട്ടുണ്ടെന്നും, അനുമതി ലഭിച്ചാലുടൻ സ്ഥിരം നിയമനം നടത്തുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചിട്ടുണ്ട്.
എന്നാൽ, ഒ.പി മുടങ്ങുന്നത് രോഗികൾക്ക് വലിയ പ്രയാസമുണ്ടാക്കുന്നത് കണക്കിലെടുത്ത്, താൽക്കാലിക ക്രമീകരണമെന്ന നിലയിൽ മറ്റൊരു ഡോക്ടറെ ഈവനിംഗ് ഒ.പിയിലേക്ക് നിയോഗിക്കാൻ തീരുമാനിച്ചു. ഇതോടെ തിങ്കളാഴ്ച മുതൽ വൈകുന്നേരങ്ങളിലും ഒ.പി സേവനം പൂർണ്ണതോതിൽ ലഭ്യമാകും.
إرسال تعليق
Thanks