കടുത്ത ചൂട്: തീരക്കടലിൽ മത്സ്യം അപ്രത്യക്ഷമാകുന്നു: മീൻവില കുതിച്ചുയരുന്നു

 


പരപ്പനങ്ങാടി:​സംസ്ഥാനത്ത് തുടരുന്ന കടുത്ത ചൂട് മത്സ്യബന്ധന മേഖലയെ സാരമായി ബാധിക്കുന്നു. കടലിലെ ജലനിരപ്പിലെ താപനില വർദ്ധിക്കുന്നത് കാരണം തീരക്കടലിൽ മത്സ്യ ലഭ്യതയിൽ വൻ കുറവ് അനുഭവപ്പെടുകയാണ്. ഇതോടെ വിപണിയിൽ ലഭ്യമാകുന്ന ചുരുക്കം ചില മീനുകൾക്ക് തീവിലയാണ് ഈടാക്കുന്നത്. സാധാരണക്കാർക്ക് മീൻ കറി എന്നത് അപ്രാപ്യമായ ഒരു അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്.

​സ്വന്തമായി ബോട്ടും വള്ളവുമുള്ള മത്സ്യത്തൊഴിലാളികൾ പോലും കറിക്ക് ആവശ്യമായ മീൻ ലഭിക്കാത്ത സാഹചര്യമാണെന്ന് ബോട്ടുടമകൾ വ്യക്തമാക്കുന്നു. ഉപരിതല മത്സ്യങ്ങളായ മത്തി, അയല, കിളിമീൻ തുടങ്ങിയവയുടെ ലഭ്യതയിലാണ് വലിയ ഇടിവുണ്ടായിരിക്കുന്നത്. മുൻവർഷങ്ങളിൽ ഈ സീസണിൽ വൻതോതിൽ ലഭിച്ചിരുന്ന നെത്തോലിയും ഇപ്പോൾ തീരെ കുറവാണ്.

​കടുത്ത ചൂടിനെ തുടർന്ന് ഉപരിതലത്തിലെ വെള്ളം ചൂടാകുകയും ഓക്സിജന്റെ അളവ് കുറയുകയും ചെയ്യുന്നതാണ് ഇതിന് പ്രധാന കാരണം. ഇതോടെ മീനുകൾ തണുപ്പ് കൂടുതലുള്ള ആഴക്കടലിലേക്ക് കുടിയേറുന്നു. കൂടാതെ, നിലനിൽക്കുന്ന പാചകവാതക ക്ഷാമവും മത്സ്യബന്ധന മേഖലയെ വലയ്ക്കുന്നുണ്ട്. ദിവസങ്ങൾ തങ്ങിയുള്ള മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകളിൽ 60 ശതമാനത്തോളം ഇപ്പോൾ കരയിലാണ്. തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാകുന്ന ഈ സാഹചര്യം അധികാരികളുടെ അടിയന്തര ശ്രദ്ധ അർഹിക്കുന്നു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

أحدث أقدم