സ്കൂളുകളിലെ പഠന പിന്തുണ പരിപാടി സമയ ക്രമീകരണം മദ്രസ്സ ക്ലാസുകളെ ബാധിക്കും.

 


തിരൂരങ്ങാടി: പൊതു വിദ്യാഭ്യാസം 2025 - 2026 അദ്ധ്യായന വർഷം അഞ്ചാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള ക്ലാസുകളിലെ പഠന പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന പഠന പിന്തുണ പരിപാടിയുടെ പഠന സമയം ക്രമീകരിച്ച് കൊണ്ട്  പൊതു വിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയ സർക്കുലർ മുസ്ലിം കുട്ടികളുടെ മദ്രസ്സ പഠനത്തെ ബാധിക്കുന്ന രീതിയിലായി.

 19 -4- 2026 ന് പൊതു വിദ്യാഭ്യാസ ഡയക്ടറാണ്  എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ മുതൽ  ഓരോ പ്രധാന അദ്ധ്യാപകർ വരെയുള്ളവർക്ക്  ഇറക്കിയ സർക്കുലറിലാണ് വിവാദ സമയക്രമം അറിയിച്ചിട്ടുള്ളത്. പുതിയ സർക്കുലർ പ്രകാരം രാവിലെ 7.30 മുതൽ രാവിലെ 10.30 വരെ ക്ലാസുകൾ നടത്താനാണ് നിർദ്ദേശിച്ചിരിക്കുന്നത്.

    എന്നാൽ ഈ സമയം മുസ്ലിം കുട്ടികൾക്ക് മദ്രസ്സ സമയം ആയതിനാൽ സ്കൂളുകളിലെ പഠന പിന്തുണ ക്ലാസിൽ പങ്കെടുക്കാൻ കഴിയാതെ വരും. മദ്രസ്സ സമയം രാവിലെ 7 മണി മുതൽ രാവിലെ 10 മണി വരെയാണ് നടക്കുന്നത്. 14-4- 2026 ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയ സർക്കുലറിൽ പഠന പിന്തുണ ക്ലാസ് രാവിലെ 9.30 മുതൽ ഉച്ചക്ക് 12.30 വരെ എന്നുള്ളതായിരുന്നു. എന്നാൽ 18.4.2026 ന് ബാലാവകാശ കമ്മീഷൻ നൽകിയ ഉത്തരവ് പ്രകാരമാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർ പുതിയ ഉത്തരവ് 

പുറപ്പെടുവിച്ചിട്ടുള്ള ത്. പുതിയ ഉത്തരവ് പ്രകാരം രാവിലെ 7.30 മുതൽ 10.30 വരെ  പഠന പിന്തുണ ക്ലാസ് നടക്കുകയാണെങ്കിൽ മദ്രസ്സ പഠനം നടത്തുന്ന ഒരു കുട്ടിക്ക് പോലും സ്കൂളുകളിലെ ഈ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാതെ വരുകയും  പഠന പിന്തുണ ക്ലാസ് ഒരു പ്രഹസനമായി തീരുകയും ചെയ്യുന്നതാണ്. 

    പഠന കാര്യങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ ഉയർത്തി കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പഠന പിന്തുണ ക്ലാസ്സിൽ ഓരോ വിദ്യാലയത്തിൽ നിന്നും കണ്ടെത്തിയ വിദ്യാർത്ഥികൾക്ക് അവസരം നിഷേധിക്കുന്ന രീതിയിലും മദ്രസ്സ പഠനം തടസ്സമാവുന്ന രീതിയിലും അശാസ്ത്രീയമായ രീതിയിൽ സമയ ക്രമം പുനക്രമീകരിച്ചത് പുന:പരിശോധിക്കണമെന്ന് രക്ഷിതാവും സാമൂഹ്യ പ്രവർത്തകനുമായ അഷ്റഫ് കളത്തിങ്ങൽ പാറ മുഖ്യമന്ത്രി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി, ബാലവകാശ കമ്മീഷൻ ചെയർമാൻ, പൊതു വിദ്യാഭ്യാസ ഡയറക്ടർ എന്നിവർക്കയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.

Post a Comment

Thanks

أحدث أقدم