മണ്ഡല പുനർ നിർണയ ബില്ല് പരാജയം: പ്രതിപക്ഷത്തിന്റെ ന്യായമായ നിലപാടിന്റെയും ഐക്യത്തിന്റെയും വിജയം. മുസ്ലിം ലീഗ് നേതാക്കൾ.


രാജ്യത്തെ ജനങ്ങളുടെ പ്രബുദ്ധമായ ജനാധിപത്യ ബോധത്തിന്റെയും സക്രിയമായ പ്ര തിപക്ഷത്തിന്റെ ന്യായമായ നിലപാടിന്റെയും ശക്തമായ ഐക്യത്തിന്റെയും വിജയമാണ് ലോക്‌സഭയിൽ സർക്കാർ കൊണ്ടു വന്ന  നിയമനിർമ്മാണത്തിനുണ്ടായ പരാജയത്തിലൂടെ പ്രതിഫലിച്ചിരിക്കുന്നതെന്ന് മുസ്ലിംലീഗ് പാർലമെന്ററി പാർട്ടി ലീഡർ ഇ.ടി മുഹമ്മദ് ബഷീറും എം.പി.മാരായ ഡോ. എം.പി അബ്ദുസ്സമദ് സമദാനി, പി.വി അബ്ദുൽ വഹാബ്, കെ. നവാസ് ഗനി , അഡ്വ.ഹാരിസ് ബീരാൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. 

വനിതകൾക്ക് സംവരണം എന്ന സുപ്രധാന വിഷയത്തിൽ വെള്ളം ചേർത്തും ഭരണഘടനാപരമായ ജനാധിപത്യ സംവിധാനത്തിന്റെ സന്തുലിതാവസ്ഥയെ തന്നെ ദുർബലപ്പെടുത്തുന്ന മണ്ഡല പുനർനിർണയവുമടക്കമുള്ള രാഷ്ട്രീയ അജണ്ടകളുമായി അതിനെ കൂട്ടിക്കുഴച്ചും നടത്തിയ നിയമനിർമ്മാണ ശ്രമം ആർക്കും ഗുണം ചെയ്യുന്നതല്ലെന്ന് മാത്രമല്ല ഭരണഘടനാ ക്രമ ങ്ങളെ അട്ടിമറിക്കുന്നതാണെന്നും പാർലമെന്റിന്റെ വിധിയെഴുത്തിലൂടെ പ്രകടമായി. ഇത്തരം അതീവ ഗൗരവമുഉള്ള വിഷയങ്ങളിൽ പ്രതിപക്ഷവുമായി വിശാലവും വിശദവുമായ ചർച്ചകൾക്കും ദേശീയ തലത്തിൽ ജനകീയമായ സംവാദങ്ങൾക്കും അവസരം ഒരുക്കാൻ കേന്ദ്രസർക്കാർ തയ്യാറാകുകയാണ് വേണ്ടത്.

 പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാതെയുള്ള രീതിക്കെതിരായ സന്ദേശമാണ് പാർല മെന്റ് നൽകിയിരിക്കുന്നത്. വനിതാ സംവരണം സംബന്ധിച്ച് അർദ്ധരാത്രി വിജ്ഞാപനമിറക്കിയത് തന്നെ ദുരൂഹവും വിചിത്രവുമാണ്. അത് സർക്കാറിന്റെ ദുരുദ്ദേശം വ്യക്തമാക്കുന്നതുമാണ്. മണ്ഡല പുനർനിർണ്ണയം പോലുള്ള ഭരണ ഘടനാപരമായ ഒരു സുപ്രധാന വിഷയത്തെ കേവലം സാധാരണ നിയമമാക്കി മാറ്റികൊണ്ടുള്ള നിയമനിർമാണത്തിനാണ് സർക്കാർ തുനിഞ്ഞത്. അത്തരം അടിസ്ഥാനപരമായ വ്യതിയാനങ്ങൾക്കേറ്റ തിരിച്ചടിയാണ് ലോക്‌സഭയിലെ പരാജയമെന്നും നേതാക്കൾ പറഞ്ഞു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

أحدث أقدم