വോയ്‌സ് കോളും എസ്എംഎസും മാത്രം ഉള്‍പ്പെടുത്തിയ പ്ലാനുകള്‍ നിര്‍ബന്ധം; ടെലികോം കമ്പനികള്‍ക്ക് പുതിയ നിര്‍ദ്ദേശവുമായി ട്രായ്


കോഴിക്കോട്: കുറഞ്ഞ നിരക്കിൽ വോയ്സ് കോൾ, എസ്എംഎസ് സേവനങ്ങൾ മാത്രം ഉൾപ്പെടുത്തിയ മൊബൈൽ റീചാർജ് പ്ലാനുകൾ രാജ്യത്തെ ടെലികോം സേവനദാതാക്കൾ നിർബന്ധമായും നൽകണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഉത്തരവിട്ടു. ഡാറ്റ സേവനങ്ങൾ ആവശ്യമില്ലാത്ത ഉപഭോക്താക്കൾക്ക് കുറഞ്ഞ ചെലവിൽ സേവനം ഉറപ്പാക്കുന്നതിനായാണ് ഈ തീരുമാനം. നിലവിൽ ഡാറ്റ ഉൾപ്പെടുത്തിയ പ്ലാനുകളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിൽ വോയ്‌സ് ഒൺലി പ്ലാനുകൾ ലഭ്യമാക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ സാമ്പത്തിക ലാഭം ലഭിക്കുമെന്ന് ട്രായ് വ്യക്തമാക്കി. 2012ലെ ടെലികോം ഉപഭോക്തൃ സംരക്ഷണ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയാണ് നടപടി നടപ്പിലാക്കിയത്.

പുതിയ ഭേദഗതി പ്രകാരം എല്ലാ ടെലികോം കമ്പനികളും വോയ്‌സ്‌, എസ്എംഎസ് സേവനങ്ങൾ മാത്രം ഉൾപ്പെടുത്തിയ പ്രത്യേക താരിഫ് വൗച്ചറുകൾ അവതരിപ്പിക്കേണ്ടതാണ്. വിഷയത്തിൽ എം പി കൊടിക്കുന്നിൽ സുരേഷിന്റെ ഇടപെടലാണ് നിർണായകമായത്. ഡാറ്റ സേവനം ഉപയോഗിക്കാത്ത ഉപഭോക്താക്കൾക്കും അതിനായി അധിക തുക നൽകേണ്ട സാഹചര്യം ഒഴിവാക്കണമെന്ന ആവശ്യമാണ് അദ്ദേഹം ഉയർത്തിക്കാട്ടിയത്. 2026 മാർച്ച് 11നു ലോക്സഭയിൽ വിഷയം ഉന്നയിച്ചപ്പോൾ ടെലികോം സഹമന്ത്രി അനുകൂല നടപടിയുണ്ടാകുമെന്ന് ഉറപ്പ് നൽകിയിരുന്നു. പിന്നാലെ നടപടികൾ വേഗത്തിലാക്കുകയും ട്രായ് ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു. രാജ്യത്തെ കോടിക്കണക്കിന് ഉപഭോക്താക്കൾക്കും, പ്രത്യേകിച്ച് മുതിർന്ന പൗരന്മാർക്കും കുറഞ്ഞ വരുമാനക്കാർക്കും ഈ തീരുമാനം വലിയ ആശ്വാസമാകുമെന്ന് കൊടിക്കുന്നിൽ സുരേഷ് പ്രതികരിച്ചു. ഉപഭോക്തൃ അവകാശ സംരക്ഷണത്തിലും ടെലികോം സേവനങ്ങളിലെ സമത്വം ഉറപ്പാക്കുന്നതിലും ഇത് നിർണായക നീക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി

Post a Comment

Thanks

Previous Post Next Post