ന്യൂഡൽഹി: രാജ്യത്ത് മണ്ഡല പുനർനിർണയം നടത്തി ലോക്സസഭ സീറ്റുകൾ വർധിപ്പിച്ച് വനിതാ സംവരണം നടത്താനുള്ള കേന്ദ്ര സർക്കാറിന്റെ ഗൂഢ നീക്കത്തിന് ലോക്സഭയിൽ തിരിച്ചടി. ഇതിനായുള്ള ഭരണഘടനാ ഭേദഗതി ബിൽ ലോക്‌സഭയിലെ വോട്ടെടുപ്പിൽ പരാജയപ്പെട്ടു. ബിൽ പാസാകാത്തതിനാൽ രാജ്യസഭയിലേക്ക് ബിൽ പോകില്ല.
ഭരണഘടനാ ഭേദഗതി ഉൾപ്പെടുന്നതിനാൽ ബില്ലുകൾ പാസാകാൻ ലോക്‌സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമായിരുന്നു. ലോക്സഭയിൽ പാസാകാൻ 326 പേർ അനുകൂലിക്കണമായിരുന്നു. എന്നാൽ, 278 പേർ മാത്രമാണ് അനുകൂലിച്ചത്. 211 പേർ എതിർത്തു. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് 48 വോട്ടുകളുടെ കുറവാണുണ്ടായത്.
2011ലെ സെൻസസിൻ്റെ അടിസ്ഥാനത്തിൽ രാജ്യമൊട്ടാകെ മണ്ഡല പുനർനിർണയം നടത്തി 50 ശതമാനം സീറ്റുകൾ വർധിപ്പിച്ച് ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം സ്ത്രീസംവരണം നടപ്പാക്കാനുള്ള മൂന്ന് ബില്ലുകളാണ് കേന്ദ്രം കൊണ്ടുവന്നത്. എന്നാൽ, ജനസംഖ്യാനുപാതത്തിൽ മണ്ഡലപുനർനിർണയം നടത്തുന്നതിനെ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ പ്രതിപക്ഷം ശക്തമായി എതിർക്കുകയായിരുന്നു. ജനസംഖ്യാനുപാതികമായല്ല, ഓരോ സംസ്ഥാനങ്ങൾക്കുമുള്ള മണ്ഡലങ്ങളുടെ എണ്ണമാണ് പരിഗണിക്കേണ്ടതെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ

إرسال تعليق
Thanks