തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്‌ലീഗിന് ഇനി സമ്മേളന കാലം
മെയ് 17-ന് പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും
തിരൂരങ്ങാടി: അനീതിയുടെ ഇരുണ്ട കാലത്ത് പ്രത്യാശയുടെ വെളിച്ചമായി യുവത മുന്നേറുന്ന സന്ദേശവുമായി, 'അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്'' എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് തിരൂരങ്ങാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത്ലീഗ് സമ്മേളനത്തിന് അരങ്ങൊരുങ്ങുന്നു. ഏപ്രില്‍ 18 മുതല്‍ മെയ് 17 വരെ നീളുന്ന ഈ സമ്മേളനാവസാനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതോടെ സമാപിക്കും.
സമ്മേളന വിജയത്തിനായുള്ള സ്വാഗതസംഘം രൂപീകരണ യോഗം ഏപ്രില്‍ 17 വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് ചെമ്മാട് സി.എച്ച് സൗധത്തില്‍ ചേരും. അതിന് പിന്നാലെ, ഏപ്രില്‍ 18 മുതല്‍ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ആസ്ഥാനമാക്കി മേഖല മീറ്റുകള്‍ക്ക് തുടക്കം കുറിക്കും.
യുവജനങ്ങളുടെ സ്വപ്നങ്ങളും വികസന ദര്‍ശനങ്ങളും പങ്കുവെക്കുന്ന 'യൂത്ത് വിഷന്‍ ആന്‍ഡ് മിഷന്‍'' പരിപാടി ഏപ്രില്‍ 19-ന് ചെമ്മാട് ദയ സെന്റര്‍ ശിഹാബ് തങ്ങള്‍ ഭവനില്‍ രാത്രി 7 മുതല്‍ 10 വരെ നടക്കും. നാളെയുടെ തിരൂരങ്ങാടിയെ കുറിച്ചുള്ള ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളും ഇവിടെ ഉയരും.
ഏപ്രില്‍ 26-ന് ചെമ്മാട് സഹകരണ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം രാഷ്ട്രീയ-സാമൂഹിക ചര്‍ച്ചകളുടെ വേദിയായിരിക്കും. വൈകുന്നേരം 3 മുതല്‍ രാത്രി 10 വരെ നടക്കുന്ന സമ്മേളനത്തില്‍ അഡ്വ. പി.എം.എ സലാം, കെ.പി.എ മജീദ് എം.എല്‍.എ, പി.കെ അബ്ദുറബ്ബ്, കെ.എം ഷാജി, പി.എം.എ സമീര്‍, ഷരീഫ് കുറ്റൂര്‍ തുടങ്ങിയവരും മറ്റു പ്രമുഖ നേതാക്കളും സംസാരിക്കും. മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി വന്ന പുതിയ വാര്‍ഡ് കമ്മിറ്റി ഭാരവാഹികളും പഞ്ചായത്ത് തല ഭാരവാഹികളുമാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുക.
മെയ് മാസത്തില്‍ പ്രസ്ഥാനത്തിന്റെ പൈതൃകവും പോരാട്ട പാതകളും തിരിച്ചറിയാന്‍ ചരിത്രം തേടിയുള്ള പഠന യാത്രയും സംഘടിപ്പിക്കും. മെയ് 15-ന് യുവജനങ്ങളുടെ ആവേശം ഒരുമിക്കുന്ന മഹാറാലിയും നടക്കും.
സമ്മേളനത്തിന്റെ സമാപന ദിനമായ മെയ് 17-ന് വൈകുന്നേരം 4 മണിക്ക് വാര്‍ഷിക കൗണ്‍സിലും, രാത്രി 7 മണിക്ക് പുതിയ നേതൃത്വത്തെ തെരഞ്ഞടുക്കുന്നതിനായുള്ള ജനറല്‍ കൗണ്‍സില്‍ മീറ്റും നടക്കും. പുതിയ ചുമതലകള്‍ ഏറ്റെടുക്കുന്ന യുവതയുടെ കൈകളില്‍, തിരൂരങ്ങാടി വീണ്ടും ഒരു പുതിയ ചരിത്രത്തിന് തുടക്കം കുറിക്കും.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ

إرسال تعليق
Thanks