കേരളത്തില്‍ സെന്‍സസ് രണ്ട് ഘട്ടങ്ങളിലായി; ആദ്യ ഘട്ടം ജൂണില്‍


ന്യൂഡല്‍ഹി: സംസ്ഥാനത്ത് സെന്‍സസ് രണ്ട് ഘട്ടങ്ങളിലായി. നടപടികളുടെ ആദ്യഘട്ടം ജൂണ്‍ 16ന് ആരംഭിക്കും. സെല്‍ഫ് എന്യൂമേറേഷന് ജൂണ്‍ 16 മുതല്‍ ജൂണ്‍ 30വരെ സമയമുണ്ടാകും. ജൂലൈ ഒന്ന് മുതല്‍ ജൂലൈ 30വരെ സെന്‍സസ് ഉദ്യോഗസ്ഥര്‍ നേരിട്ട് വീടുകളിലെത്തി വിവരം ശേഖരിക്കും. ആദ്യ ഘട്ടത്തില്‍ ഭവന സെന്‍സസ് ആണ് നടക്കുക. ഇതില്‍ താമസസൗകര്യങ്ങള്‍, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, വീടുകളിലെ ആസ്തികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കും. 


രണ്ടാമത്തെ ഘട്ടത്തിലാണ് ജനസംഖ്യ കണക്കെടുപ്പ് നടക്കുക. ഓരോ കുടുംബത്തിലെയും വ്യക്തികളുടെ ജനസംഖ്യാപരമായ വിവരങ്ങള്‍, സാമൂഹികസാംസ്‌കാരിക പശ്ചാത്തലം, സാമ്പത്തിക നിലവാരം, കുടിയേറ്റം, പ്രത്യുല്‍പ്പാദന നിരക്ക് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഈ ഘട്ടത്തില്‍ ശേഖരിക്കും. രണ്ടാമത്തെ ഘട്ടത്തിലായിരിക്കും ജാതി സെന്‍സസ് നടപ്പിലാക്കുക. 


സെന്‍സസ് നടപടികളുടെ ആകെ ചിലവിനായി 11,718.24 കോടി രൂപയാണ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്. ഒന്നാം ഘട്ടത്തിനായുള്ള പ്രാഥമിക പരിശോധന 2025 നവംബറില്‍ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടത്തി. ഒന്നാം ഘട്ടത്തിനായുള്ള മാര്‍ഗനിര്‍ദേശം 19 ഭാഷകളില്‍ തയ്യാറാക്കിയിട്ടുണ്ട്. 


സെന്‍സസ് പൂര്‍ണമായും ഡിജിറ്റല്‍ രൂപത്തിലാണ്. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സെന്‍സസാണിത്. വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രത്യേക മൊബൈല്‍ ആപ്പും സെല്‍ഫ് ഇന്യൂമറേഷന്‍ പോര്‍ട്ടലും ഉണ്ടാകും. ആദ്യ ഘട്ടം ഏപ്രില്‍ ഒന്നിന് ആരംഭിച്ച് സെപ്റ്റംബര്‍ 30ഓടെ പൂര്‍ത്തിയാക്കും. ആദ്യ ഘട്ടത്തില്‍ ഓരോ കുടുംബത്തോടും 33 ചോദ്യങ്ങള്‍ ചോദിക്കും. വീടിന്റെ നിര്‍മ്മാണ രീതി, ശുദ്ധജലം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍, വീട്ടിലുള്ള വാഹനങ്ങള്‍, ഇന്റര്‍നെറ്റ് ലഭ്യത എന്നിവ ഇതില്‍ ഉള്‍പ്പെടും.

രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സെന്‍സസ് ആയിരിക്കും ഇത്തവണത്തേതെന്ന് സെന്‍സസ് കമ്മീഷണര്‍ മൃത്യുഞ്ജയ് കുമാര്‍ നാരായണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 


അതേസമയം സെന്‍സസ് സമയത്ത് ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങള്‍ രഹസ്യമായിരിക്കും. വിവരാവകാശ നിയമപ്രകാരം ഈ വിവരങ്ങള്‍ ലഭിക്കില്ല. കോടതികള്‍ക്ക് മുമ്പാകെ തെളിവായി ഹാജരാക്കാനും സാധിക്കില്ല. സെന്‍സസ് സമയത്ത് ഒരു രേഖയും നല്‍കേണ്ടതില്ലെന്നും സെന്‍സസ് കമ്മീഷണര്‍ മൃത്യുഞ്ജയ് കുമാര്‍ നാരായണ്‍ വ്യക്തമാക്കി.

Post a Comment

Thanks

Previous Post Next Post