കോഴിക്കോട് | കത്തുന്ന വെയിലിലും ആവേശം ചോരാതെ പോളിംഗ് ബൂത്തിലെത്തി ജനം വിധിയെഴുതി മടങ്ങി. അവസാന വിവരം അനുസരിച്ച് ജില്ലയിൽ 81.36% പോളിംഗ് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതൽ പേർ വോട്ടു ചെയ്തത് കുന്ദമംഗലം മണ്ഡലത്തിലാണ് (84.41%). ഏറ്റവും കുറവ് പോളിംഗ് നാദാപുരം മണ്ഡലത്തിലും (79.34%). രാവിലെ ഏഴിന് ആരംഭിച്ച പോളിംഗ് ഉച്ചയോടെ തന്നെ 50 ശതമാനം പിന്നിട്ടിരുന്നു. ജില്ലയിൽ 2837 പോളിംഗ് സ്റ്റേഷനുകളിലാണ് വോട്ടെടുപ്പ് നടന്നത്.വെയിൽ കടുക്കും മുൻപ് വോട്ട് ചെയ്ത് മടങ്ങാൻ വോട്ടർമാർ അതിരാവിലെ പോളിംഗ് ബൂത്തിലെത്തിയതോടെ ആദ്യ മണിക്കൂറുകളിൽ കനത്ത പോളിംഗ് രേഖപ്പെടുത്തി.
നേരത്തെ വോട്ട് ചെയ്ത് വീട്ടിലേക്ക് മടങ്ങാനെത്തിയ പലരും ക്യൂവിൽ നിന്ന് വിയർക്കുന്ന സ്ഥിതിയുമുണ്ടായി. ഒമ്പത് മണിയോടെ തന്നെ പോളിംഗ് 15.74 ശതമാനമായി. ഉച്ചയോടെ 13 മണ്ഡലങ്ങളിലും വോട്ടിംഗ് ശതമാനം 50ലേക്ക് ഉയർന്നു. മോക്ക് പോളിന് ശേഷം ഏഴ് മണിയോടെ വോട്ടിംഗ് ആരംഭിച്ചു. സ്ത്രീകളും പ്രായമായവരുമാണ് രാവിലെ കൂടുതലായും എത്തിയത്. ഉച്ചയ്ക്ക് വോട്ടിംഗ് മന്ദഗതിയിലായെങ്കിലും വൈകിട്ടോടെ വീണ്ടും തിരക്ക് കൂടി. രാഷ്ട്രീയ പാർട്ടി പ്രവർത്തകർ തങ്ങൾക്ക് ഉറപ്പുള്ള വോട്ടുകൾ ഉച്ചയ്ക്ക് മുന്നേ പോൾ ചെയ്യിപ്പിച്ചു. പലയിടങ്ങളിലും വോട്ടിംഗ് മെഷീനുകൾ തകരാറിലായതും വെെദ്യുതി തടസപ്പെട്ടതും വോട്ടിംഗ് വെെകാൻ കാരണമായി.
ചിലയിടങ്ങളിൽ കള്ളവോട്ട് പരാതികളും ഉയർന്നു. ഉദ്യോഗസ്ഥരുടെ പരിചയക്കുറവും ചർച്ചയായി. ജെൻസി വോട്ടർമാരിലേറെയും ഉച്ചയ്ക്ക് മുൻപ് വോട്ട് ചെയ്ത് ഹൽവ മധുരം നുണഞ്ഞ് മടങ്ങി. ഓപ്പൺ വോട്ട് ചെയ്യാനെത്തിയവരുടെ നിരയും പല ബൂത്തുകളിലുമുണ്ടായി. ഓപ്പൺ വോട്ടുകാരെ കൂടുതൽ സമയം കാത്തുനിർത്തിയതിൽ പോളിംഗ് ഉദ്യോഗസ്ഥരും രാഷ്ട്രീയപാർട്ടി പ്രവർത്തകരും തമ്മിൽ പലയിടത്തും കശപിശയുണ്ടായി. പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ചിലർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. കാരശ്ശേരി പഞ്ചായത്തിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു. കുമാരനെല്ലൂർ ജി.എൽ.പി സ്കൂളിലെ 162-ാം നമ്പർ ബൂത്തിലെ സന്തോഷ് സ്കറിയയെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രിയധികൃതർ അറിയിച്ചു. കള്ളവോട്ട് ആരോപണവുമുണ്ടായി.
ബേപ്പൂരിലെ കൊളത്തറയിലാണ് അബ്ദുൾ മജീദ് എന്നയാളുടെ വാേട്ട് മറ്റൊരു അബ്ദുൾ മജീദ് ചെയ്യാൻ ശ്രമിച്ച് പൊലീസ് പിടിയിലായത്.വോട്ടിംഗ് കേന്ദ്രങ്ങളിൽ കുടിവെള്ളവും മൊബെെൽ ഫോൺ സൂക്ഷിക്കാനുള്ള സൗകര്യവും സജ്ജീകരിച്ചിരുന്നു.കോഴിക്കോട് ലൈവ്
ജില്ലയിൽ വാശിയേറിയ മത്സരം നടന്ന ബേപ്പൂർ, പേരാമ്പ്ര, നാദാപുരം മണ്ഡലങ്ങളിൽ പോളിംഗ് തുടങ്ങിയ സമയം മുതൽ ആവേശകരമായിരുന്നു. ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ തന്നെ പോളിംഗ് ശതമാനം കുതിച്ചുയർന്നു. ഉച്ചയ്ക്ക് ഒന്നരയോടെ ബേപ്പൂർ 49.88 ശതമാനവും പേരാമ്പ്ര 51.04 ശതമാനവും നാദാപുരം -49.85 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. മടിച്ചു നിൽക്കാതെ സ്ത്രീകൾ ഉൾപ്പെടെ നേരത്തേയെത്തി വോട്ടു ചെയ്ത് മടങ്ങുന്ന കാഴ്ചകളായിരുന്നു ഓരോ ബൂത്തുകളിലും. ഉച്ചയ്ക്ക് ശേഷമുള്ള ഒന്നു രണ്ടു മണിക്കൂർ മാത്രമാണ് പോളിംഗിൽ നേരിയ കുറവുണ്ടായത്.
ജില്ലയിലെ ഭിന്നശേഷി ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്ന ഏക പോളിംഗ് ബൂത്തായ കാരപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂളിലും വോട്ട് ചെയ്യാൻ ഇതേ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി വിനായക് ഉൾപ്പെടെ നിരവധി പേരെത്തി. വീൽചെയറുകൾക്ക് പ്രവേശിക്കാൻ റാമ്പ്, പ്രത്യേക ശുചിമുറികൾ, ഫീഡിംഗ് റൂം, കുട്ടികൾക്കുള്ള കളിസ്ഥലം തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിരുന്നു. ഇൻക്ലൂസീവ് ബൂത്തിന് പുറമെ രണ്ട് ബൂത്തുകൾ കൂടി ഇവിടെ പ്രവർത്തിച്ചിരുന്നു.
മണ്ഡലം, പോളിംഗ്%
വടകര .......... 79.51
കുറ്റ്യാടി ........ 80.97
നാദാപുരം.... 79.46
കൊയിലാണ്ടി ...... 79.54
പേരാമ്പ്ര ............... 81.55
ബാലുശ്ശേരി .......... 81.81
എലത്തൂർ ............ 82.45
കോഴിക്കോട് നോർത്ത് ... 80.23
കോഴിക്കോട് സൗത്ത് ... 81.07
ബേപ്പൂർ ................ 83.74
കുന്ദമംഗലം.......... 84.45
കൊടുവള്ളി ........ 80.98
തിരുവമ്പാടി ......... 80.35
Post a Comment
Thanks