ഖമനേയിയുടെ പിൻഗാമിയെ തേടി ഇറാൻ, ഹോർമൂസ് കടലിടുക്ക് അടച്ച് ഐആർജിസി


ടെഹ്റാൻ: അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വൻ വ്യോമാക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു.  ദശാബ്ദങ്ങൾക്കിടെ ഇറാൻ മണ്ണിലുണ്ടായ ഏറ്റവും വലിയ ആക്രമണമാണിതെന്ന് ഉദ്യോഗസ്ഥർ വിശേഷിപ്പിച്ചു. ഖമനേയിയുടെ മരണത്തെത്തുടർന്ന് രാജ്യത്ത് 40 ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.


 ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ ലോകത്തെ പ്രധാന എണ്ണ വിതരണ പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചു. ഇത് ആഗോള വിപണിയിൽ വലിയ എണ്ണ പ്രതിസന്ധിക്ക് കാരണമാകുമെന്ന് ആശങ്കയുണ്ട്. മിഡിൽ ഈസ്റ്റിലുടനീളമുള്ള വിമാന സർവീസുകൾ റദ്ദാക്കി.


ഖമനേയുടെ അടുത്ത പിൻഗാമി ആരാകുമെന്ന ചർച്ചകൾ തുടങ്ങി. രണ്ടാമത്തെ മകൻ മൊജ്താബ ഖമനേയി പരമോന്നത നേതാവാകുമെന്നാണ് വിവരങ്ങൾ. പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ മൂന്നംഗ താത്കാലിക സമിതിയാകും ഇറാൻ ഭരണകൂടത്തെ നയിക്കുക.


ഖമനേയിയുടെ മരണവാർത്ത ഇറാനിലെ ജനങ്ങൾക്കിടയിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്. ടെഹ്റാൻ, ഇസ്ഫഹാൻ തുടങ്ങിയ നഗരങ്ങളിൽ ഒരു വിഭാഗം ജനങ്ങൾ തെരുവിൽ ആഹ്ലാദം പ്രകടിപ്പിച്ചപ്പോൾ, സാധാരണക്കാരായ ജനങ്ങൾ കനത്ത ഭീതിയിലാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഭരണകൂടത്തെ അനുകൂലിക്കുന്നവർ യുഎസിനും ഇസ്രയേലിനും എതിരെ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങി. 1989 മുതൽ ഇറാന്റെ പരമോന്നത അധികാരം കയ്യാളിയിരുന്ന ഖമേനിയുടെ അന്ത്യം പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കും


ഇറാനിലുടനീളമുള്ള സൈനിക കേന്ദ്രങ്ങളെയും മുതിർന്ന നേതാക്കളെയും ലക്ഷ്യമിട്ടായിരുന്നു യുഎസിന്റെയും ഇസ്രയേലിന്റെയും ആക്രമണം. ഏകദേശം 200 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ഇറാനിലെ 500 ഓളം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രായേൽ അവകാശപ്പെട്ടു. ടെഹ്റാനിലെ ഖമനേയിയുടെ വസതി പൂർണ്ണമായും തകർക്കപ്പെട്ടതായും, തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുത്തതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.


ഖമേനിക്ക് പുറമെ ഇറാന്റെ സൈനിക-ഭരണ നേതൃത്വത്തിലെ നിരവധി പ്രമുഖരും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇറാൻ പ്രതിരോധ മന്ത്രി അസീസ് നസീർസാദെ, റെവല്യൂഷണറി ഗാർഡ്‌സ് (IRGC) കമാൻഡർ മുഹമ്മദ് പക്പൂർ, മുതിർന്ന ഉപദേശകൻ അലി ഷംഖാനി ഉൾപ്പെടെ അഞ്ച് സൈനിക കമാൻഡർമാർ എന്നിവരാണ് കൊല്ലപ്പെട്ട പ്രമുഖകർ. ഇറാൻ ഭരണകൂടവുമായി ബന്ധപ്പെട്ട 40 പ്രമുഖകർ കൊല്ലപ്പെട്ടുവെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്.

Post a Comment

Thanks

أحدث أقدم