ഇറാൻ ആക്രമണം ആരംഭിച്ചതിന് ശേഷം രാജ്യത്തിനെതിരെ തൊടുത്തുവിട്ട 186 ബാലിസ്റ്റിക് മിസൈലുകളിൽ 172 എണ്ണം തകർത്തതായി യു.എ.ഇ പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ പൈലറ്റ് അബ്ദുന്നാസർ അൽ ഹുമൈദി അറിയിച്ചു. 13 മിസൈലുകൾ കടലിൽ പതിച്ചു; ഒരെണ്ണം മാത്രമാണ് രാജ്യത്തിന്റെ ഭാഗത്ത് വീണത്. വിവിധ സ്ഥലങ്ങളിൽ കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ മിസൈലുകളെയും ഡ്രോണുകളെയും തടയുന്ന വ്യോമ പ്രതിരോധ നടപടികളുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മേഖലയിലെ സംഘർഷം നീണ്ടാലും രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ ആയുധ സംവിധാനങ്ങളും യു.എ.ഇയ്ക്ക് സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു. ഹ്രസ്വ, ഇടത്തരം, ദീർഘദൂര സംവിധാനങ്ങൾ ഉൾക്കൊള്ളുന്ന അത്യാധുനിക ബഹുതല വ്യോമ പ്രതിരോധ സംവിധാനം രാജ്യത്തിന്റെ ആകാശം കാവൽ നിൽക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
നാശനഷ്ടങ്ങൾ ശത്രുവിന്റെ നേരിട്ടുള്ള ആക്രമണം മൂലമല്ല; മിസൈലുകളും ഡ്രോണുകളും തകർക്കുമ്പോൾ അവയുടെ അവശിഷ്ടങ്ങൾ വീഴുന്നതാണ് കാരണം എന്ന് അദ്ദേഹം വിശദീകരിച്ചു. പ്രൊഫഷണൽ ഇടപെടലിലൂടെ നാശനഷ്ടവും ജീവഹാനിയും കുറയ്ക്കാനായി. കര, കടൽ, ആകാശ മേഖലകൾ 24 മണിക്കൂറും നിരീക്ഷണത്തിലാണെന്നും മുന്നറിയിപ്പ് സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും അൽ ഹുമൈദി അറിയിച്ചു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
Post a Comment
Thanks