പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷാവസ്ഥയെ തുടർന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന സർവീസുകൾ കനത്ത പ്രതിസന്ധിയിലായി. കരിപ്പൂരിൽ നിന്ന് പുറപ്പെടേണ്ടതും ഇങ്ങോട്ടെത്തേണ്ടതുമായ 78 വിമാന സർവീസുകളാണ് ഇതുവരെ റദ്ദാക്കിയത്.
ഇതിലൂടെ 12,000-ത്തിലേറെ യാത്രക്കാരാണ് യാത്ര മുടങ്ങി ദുരിതത്തിലായിരിക്കുന്നത്. മാർച്ച് രണ്ടിന് രാത്രി 8.20 വരെയുള്ള വിമാന സർവീസുകളാണ് നിലവിൽ റദ്ദാക്കിയിരിക്കുന്നത്.
ഇന്ന് മാത്രം അബുദാബിയിലേക്കുള്ള നാല് വിമാനങ്ങളും ഷാർജ, ദോഹ, റാസൽ ഖൈമ എന്നിവിടങ്ങളിലേക്ക് പുറപ്പെടേണ്ട ഓരോ വിമാനങ്ങൾ വീതവുമാണ് റദ്ദാക്കിയത്. നേരത്തെ റിയാദിലേക്കുള്ള ചില സർവീസുകൾ നടന്നെങ്കിലും, നിലവിലെ സാഹചര്യത്തിൽ ഭൂരിഭാഗം വിമാനങ്ങളും റദ്ദാക്കിയ പട്ടികയിലാണ് ഉൾപ്പെട്ടിരിക്കുന്നത്.
ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായതോടെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള വ്യോമപാതകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് സർവീസുകൾ മുടങ്ങാൻ പ്രധാന കാരണം.
വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയ സാഹചര്യത്തിൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് യാത്രക്കാർ അതാത് വിമാനക്കമ്പനികളുടെ കസ്റ്റമർ കെയർ നമ്പറുകളിലോ വെബ്സൈറ്റുകളിലോ ബന്ധപ്പെട്ട് യാത്രാ വിവരങ്ങൾ ഉറപ്പുവരുത്തണം
إرسال تعليق
Thanks