എൽപിജി ബുക്കിങ്ങിൽ പരിഭ്രാന്തി വേണ്ട, തിരക്ക് കൂട്ടി സിലിണ്ടർ ബുക്ക് ചെയ്യേണ്ട'; വ്യക്തമാക്കി കേന്ദ്രം ഇന്ത്യയുടെ ആഭ്യന്തര എൽപിജി ഉത്പാദനം 25% വർധിപ്പിക്കാൻ നിർദേശം നൽകിയെന്നും ഉദ്യോഗസ്ഥർ അറിയിച്ചു


ഡൽഹി: രാജ്യത്തെ എൽപിജി പ്രതിസന്ധിയിൽ ആശങ്ക വേണ്ടെന്ന് പെട്രോളിയം മന്ത്രാലയം. ആളുകൾ തിരക്ക് കൂട്ടി സിലിണ്ടർ ബുക്ക് ചെയ്യുന്നത് തെറ്റിദ്ധാരണയും വ്യാജ വിവരങ്ങളും മൂലമാണെന്നും ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും മന്ത്രാലയം അറിയിച്ചു. കേന്ദ്ര പെട്രോളിയം മന്ത്രാലയ ഉദ്യോഗസ്ഥരും വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരും നടത്തിയ പത്രസമ്മേളനത്തിലാണ് ജനങ്ങളോട് സംയമനം പാലിക്കാൻ ആവശ്യപ്പെട്ടത്.


ഇന്ത്യയുടെ ആഭ്യന്തര എൽപിജി ഉത്പാദനം 25% വർധിപ്പിക്കാൻ നിർദേശം നൽകിയെന്നും വാർത്താസമ്മേളനത്തിൽ കേന്ദ്ര പെട്രോളിയം മന്ത്രാലയം ഉദ്യോഗസ്ഥർ അറിയിച്ചു. ഏൽപിജിയുമായുള്ള കപ്പലുകൾ ഇന്ത്യയിലേക്ക് പുറപ്പെട്ടുകഴിഞ്ഞു എന്നും രണ്ട് ദിവസത്തിനകം അവ ഇവിടെയെത്തുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിലവിൽ മൊത്തം ഉപഭോഗത്തിന്റെ 60% ഏൽപിജിയും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. അതിൽ 90%വും ഹോർമുസ് കടലിടുക്ക് വഴിയാണ് വരുന്നത്.


പ്രധാനപ്പെട്ട റിഫൈനറികളായ ഐഒസിഎൽ. എച്ച്പിസിഎൽ, ബിപിസിഎൽ എന്നിവരോട് ഉത്പാദനം വർധിപ്പിക്കാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കമ്പനികളിലെ പ്രതിനിധികൾ ഉൾപ്പെട്ട ഒരു സമിതി സാഹചര്യങ്ങൾ കൃത്യമായി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്.


അതേസമയം, രാജ്യത്തെ എൽപിജി ക്ഷാമം റെയിൽവേയെയും ബാധിക്കുന്നതായി റിപ്പോർട്ട്. ട്രെയിനുകളിലെ ഭക്ഷണവിതരണം താത്കാലികമായി നിർത്തിവെക്കാനായി റെയിൽവേ തീരുമാനിച്ചേക്കും എന്നാണ് വിവരം. ഭക്ഷണം ഉൾപ്പെട്ട ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്തവർക്ക് റെയിൽവേ പണം തിരിച്ചുനൽകിയേക്കും.


സാഹചര്യം വളരെ മോശമാണെന്നാണ് റെയിൽവേ അധികൃതർ നൽകുന്ന വിശദീകരണം. ഐആർസിടിസിയുടെത്തന്നെ അടുക്കളകളിൽ നിന്നാണ് ട്രെയിനുകളിൽ ഭക്ഷണം തയ്യാറാകുന്നത്. എൽപിജി ക്ഷാമം രൂക്ഷമായാൽ അറ്റകൈ ആയി ഭക്ഷണവിതരണം നിർത്തിവെച്ചേക്കുമെന്നാണ് റെയിൽവേ വൃത്തങ്ങൾ നൽകുന്ന സൂചന. അങ്ങനെയെങ്കിൽ യാത്രക്കാർ സ്വന്തം നിലയ്ക്ക് ഭക്ഷണം കയ്യിൽ കരുതേണ്ടിവരും..


Post a Comment

Thanks

Previous Post Next Post