കോഴിക്കോട്: കോഴിക്കോട് ദേശീയപാതയില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് നടത്തിയ സംഭവത്തിൽ യുവാവും 17 കാരനും പിടിയിലായി. മാത്തറ കോന്തനാരിയില്‍ വാടകയ്ക്ക് താമസിക്കുന്ന ഗോവിന്ദപുരം സ്വദേശി വരുണ്‍ (22), 17-കാരൻ എന്നിവരാണ് പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായത്. പന്തീരാങ്കാവ് ടോള്‍ പ്ലാസക്ക് സമീപം ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.
ദേശീയപാതയിലൂടെ പോവുകയായിരുന്ന ഒരു ലോറിക്കും രണ്ട് കാറുകള്‍ക്കും നേരെയാണ് ഇവർ കല്ലെറിഞ്ഞത്. മൂന്ന് വാഹനങ്ങളുടെയും മുൻവശത്തെ ഗ്ലാസുകള്‍ കല്ലേറിൽ തകർന്നിരുന്നു. ഉടൻതന്നെ ഡ്രൈവർമാർ വിവരമറിയിച്ചതിനെ തുടർന്ന് പന്തീരാങ്കാവ് പോലീസ് സ്ഥലത്തെത്തി. പോലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ സമീപത്തെ കെട്ടിടങ്ങളില്‍നിന്നായിരിക്കും കല്ലെറിഞ്ഞതെന്ന നിഗമനത്തിലാണ് എത്തിയത്. എന്നാല്‍, അന്വേഷണം നടത്തിയപ്പോള്‍ പ്രതികള്‍ എത്തിയ കാറിനെക്കുറിച്ച് സൂചന ലഭിച്ചു. ഈ കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
പോലീസ് പ്രതികളെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തു. പ്രാഥമിക ചോദ്യംചെയ്യലിൽ ഇവർ മദ്യപിച്ചശേഷം വെറുതെ വാഹനങ്ങൾക്ക് നേരെ കല്ലുകളും ഇരുമ്പ് കമ്പികളും ഉപയോഗിച്ച് എറിയുകയായിരുന്നു എന്നാണ് വ്യക്തമായതെന്ന് പന്തീരാങ്കാവ് പോലീസ് ഇൻസ്പെക്ടർ ശ്രീകുമാർ പറഞ്ഞു.
പ്രധാന പ്രതി വരുണിൻ്റെ പേരിൽ മുൻപ് കേസുകളൊന്നുമില്ല. എന്നാൽ, കൂടെയുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത കുട്ടി പല കേസുകളിലും ഉൾപ്പെട്ട് ജുവനൈൽ ഹോമിൽ കഴിഞ്ഞിട്ടുള്ളയാളാണ്. അവിടെ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് വീണ്ടും ഇത്തരമൊരു അതിക്രമത്തിൽ പങ്കാളിയായത്.
ഇൻസ്പെക്ടർ ശ്രീകുമാർ, എസ്ഐ നിതീഷ്, സിപിഒമാരായ അൻഷാദ്, അബ്ദുൽ മനാഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Post a Comment
Thanks