മലപ്പുറത്തെ യാത്രാദുരിതം: പരിഹാരമാവശ്യപ്പെട്ട് ഗതാഗത മന്ത്രിക്ക് നിവേദനം നൽകി എസ്.എസ്.എഫ്

 

• മഞ്ചേരിയിലെ രാത്രി യാത്രാ ദുരിതത്തിന് അടിയന്തര പരിഹാരം വേണം
• തിരൂർ റെയിൽവേ പ്രയോചനപ്പെടുത്തുന്ന വിധം വഴിക്കടവ് - തിരൂർ, തിരൂർ - വഴിക്കടവ് 24x7 സർവ്വീസ്, മഞ്ചേരി മെഡിക്കൽ കോളേജ് പ്രത്യേക സർവീസ്, സ്റ്റുഡന്റ്സ് ഓൺലി ബസ്സുകൾ എന്നിവ പ്രധാന ആവശ്യം
മലപ്പുറം: മലപ്പുറം ജില്ലയിലെ രൂക്ഷമായ പൊതുഗതാഗത പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എസ്.എസ്.എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിന് നിവേദനം സമർപ്പിച്ചു. ജില്ലയിലെ പ്രധാന നഗരങ്ങളെയും ഗ്രാമപ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന ഗതാഗത സംവിധാനങ്ങൾ പകൽ സമയങ്ങളിൽ മാത്രമായി ഒതുങ്ങുന്നത് സാധാരണക്കാരായ യാത്രക്കാരെയും തൊഴിലാളികളെയും വിദ്യാർത്ഥികളെയും വലിയ തോതിൽ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. രാത്രികാലങ്ങളിൽ പൊതുഗതാഗതം അപ്രാപ്യമായ സാഹചര്യം അടിയന്തരമായി പരിഹരിക്കണമെന്നും ജില്ലാ ആസ്ഥാനത്തെ നവീകരിച്ച കെ.എസ്.ആർ.ടി.സി സംവിധാനത്തെ കൂടുതൽ പ്രയോജനപ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.
എസ്.എസ്.എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി ടി. മുഹമ്മദ് ശുഹൈബ്, ജില്ലാ പ്രവർത്തക സമിതിയംഗം ടിപ്പു സുൽതാൻ അദനി മലപ്പുറം എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിയെ കണ്ട് നിവേദനം കൈമാറിയത്. ജില്ലയുടെ പ്രധാന റെയിൽവേ സ്റ്റേഷനായ തിരൂരിലേക്ക് രാത്രിയിലും പുലർച്ചെയും കൂടുതൽ ബസ് സർവീസുകൾ അനുവദിക്കുക, മഞ്ചേരിയിൽ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ നടപടികൾ വേഗത്തിലാക്കുക, നിലമ്പൂർ-മഞ്ചേരി വഴി ഊട്ടി, മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് കൂടുതൽ അന്തർസംസ്ഥാന സർവീസുകൾ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ നിവേദനത്തിൽ ഉന്നയിച്ചു. കൂടാതെ കോഴിക്കോട് നിന്ന് അരീക്കോട്-മഞ്ചേരി വഴി പാലക്കാട്ടേക്ക് രാത്രികാല സർവീസുകൾ ആരംഭിക്കുന്നത് വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാർക്ക് ഏറെ പ്രയോജനകരമാകുമെന്നും ഭാരവാഹികൾ മന്ത്രിയെ ബോധിപ്പിച്ചു.
ബസ്സുകളിൽ വിദ്യാർത്ഥികളെ കുത്തിനിറച്ച് കൊണ്ടുപോകുന്ന സാഹചര്യം ഒഴിവാക്കാൻ അടുത്ത അധ്യയന വർഷം മുതൽ 'സ്റ്റുഡന്റ്സ് ഓൺലി' ബസ്സുകൾ ആരംഭിക്കണമെന്നും ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണന നൽകണമെന്നും എസ്.എസ്.എഫ് ആവശ്യപ്പെട്ടു. ഡിപ്പോകളിൽ സ്ത്രീ സൗഹൃദ വിശ്രമ കേന്ദ്രങ്ങളും ഭിന്നശേഷി സൗഹൃദ ശൗചാലയങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മിക്കണമെന്നും പെരിന്തൽമണ്ണ ഡിപ്പോയിലെ നേരത്തെ പ്രഖ്യാപിച്ച ഷോപ്പിംഗ് കോംപ്ലക്സ് പദ്ധതി നടപ്പിലാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നുണ്ട്. ജില്ലയിലെ യാത്രാ പ്രശ്നങ്ങൾ ഗൗരവമായി പരിഗണിക്കുമെന്ന് മന്ത്രി പ്രതിനിധി സംഘത്തിന് ഉറപ്പുനൽകി. എന്നാൽ ജില്ലയോടുള്ള അവഗണന തുടരുന്ന പക്ഷം വരും ദിനങ്ങളിൽ ശക്തമായ ജനകീയ സമര പരിപാടികളുമായി സംഘടന മുന്നോട്ട് പോകുമെന്ന് എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി അറിയിച്ചു.
ഫോട്ടോ: മലപ്പുറത്തെ പൊതുഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാവശ്യപ്പെട്ട് മന്ത്രി കെ ബി ഗണേഷ് കുമാറിന് എസ് എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി ടി എം ശുഹൈബ് നിവേദനം നൽകുന്നു

Post a Comment

Thanks

Previous Post Next Post