പള്ളിക്കല്‍ വില്ലേജ് ഓഫീസ് ഇനി 'സ്മാര്‍ട്ട്' ആകും: ശിലാസ്ഥാപനം മന്ത്രി കെ. രാജന്‍ നിര്‍വഹിച്ചു.

 


തേഞ്ഞിപ്പലം:വില്ലേജ് ഓഫീസുകളില്‍ നിന്നുള്ള സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും ജനസൗഹൃദവുമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പദ്ധതിയില്‍ പള്ളിക്കല്‍ വില്ലേജ് ഓഫീസും ഇടംപിടിക്കുന്നു. വള്ളിക്കുന്ന് മണ്ഡലത്തിലെ പള്ളിക്കല്‍ വില്ലേജ് ഓഫീസിനായി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ആധുനിക സൗകര്യങ്ങളോടെ വില്ലേജ് ഓഫീസുകളെ നവീകരിക്കുന്നതിലൂടെ പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.


നിലവില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന നാല് സെന്റ് സ്ഥലത്താണ് 50 ലക്ഷം രൂപ ചെലവില്‍ പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉയരുന്നത്. വില്ലേജ് ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച ചടങ്ങില്‍ പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് സ്വാഗതം ആശംസിച്ചു. വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടാകുന്നതോടെ പൊതുജനങ്ങള്‍ക്ക് വേഗത്തിലും സുതാര്യമായും സേവനങ്ങള്‍ ലഭ്യമാകും


ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സാബിറ, വൈസ് പ്രസിഡന്റ് കെ.പി. സക്കീര്‍, സ്ഥിരം സമിതി അധ്യക്ഷന്‍ കെ.പി. മുസ്തഫ തങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം വി.പി. അബ്ദുല്‍ ഷുക്കൂര്‍, പെരിന്തല്‍മണ്ണ സബ് കളക്ടര്‍ സാക്ഷി മോഹന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുത്തു. 


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.


ഫോട്ടോ:

 പുതുതായി നിര്‍മിക്കുന്ന പള്ളിക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ്കെട്ടിട ശിലാസ്ഥാപന ഫലകം അനാച്ഛാദനം  പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ നിര്‍വഹിക്കുന്നു.

Post a Comment

Thanks

Previous Post Next Post