തിരൂരങ്ങാടി: പ്രവാസി ക്ഷേമനിധിയിൽ അംശാദായം അടക്കുന്നതിൽ വീഴ്ച വരുത്തി അംഗത്വം റദ്ദായവർക്ക് തങ്ങളുടെ അംശാദായം അടച്ച് അംഗത്വം പുന:സ്ഥാപിക്കാൻ പ്രവാസി ക്ഷേമനിധി ബോർഡ് തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചേർന്ന പ്രവാസി ക്ഷേമനിധി ഡയറക്ടർ ബോർഡ് യോഗത്തിലാണ് ക്ഷേമനിധി അംഗങ്ങൾക്ക് ആശ്വാസകരമായ തീരുമാനം ഉണ്ടായിട്ടുള്ളത്.
പ്രവാസി ക്ഷേമ നിധിയിൽ അംഗത്വമെടുത്തിട്ടുള്ള അംശാദായം അടക്കുന്നതിൽ വീഴ്ച വന്ന അറുപത് വയസ്സ് ആയവർക്ക് പെൻഷൻ ആനുകൂല്യത്തിന് അപേക്ഷ നൽകാൻ അവസരം നിഷേധിക്കുകയും അടച്ച തുക പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പത്തും പതിനഞ്ചും വർഷത്തിലേറെ പണമടച്ച് അറുപത് വയസ്സ് പൂർത്തിയായി പെൻഷന് വേണ്ടി കാത്തിരിക്കുന്നവർക്ക് ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു ബോർഡിന്റെ തീരുമാനം. ഒരു മാസം മുതൽ ഒരു വർഷം വരെ വിവിധ കാരണങ്ങളാൽ അംശാദായം അടക്കാൻ വൈകിയവർക്കാണ് പെൻഷൻ അർഹത നിഷേധിച്ചിരുന്നത്. ഇതിനെതിരെ ഗൾഫ് മലയാളി കോ - ഓർഡിനേഷൻ കമ്മറ്റി ചെയർമാൻ അഷ്റഫ് കളത്തിങ്ങൽ പാറ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് , നോർക്ക റൂട്ട്സ് ചെയർമാൻ, പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ, നോർക്ക സി.ഇ.ഒ, പ്രവാസി കമ്മീഷൻ ചെയർമാൻ എന്നിവർക്ക് നിവേദനങ്ങൾ നൽകുകയും മലപ്പുറത്ത് നടന്ന വിഷൻ 2030 പ്രവാസി സെമിനാറിൽ വിഷയം അവതരിപ്പിക്കുകയും ചെയ്തിരുന്നു.
ബോർഡ് തീരുമാനമനുസരിച്ച് 2024 നവംബർ 1 മുതൽ പെൻഷൻ തിയ്യതിയിൽ ഒരു വർഷം വരെ അംശാദായ കുടിശ്ശികയും പിഴയും ഉള്ളവർക്ക് അവരുടെ കുടിശ്ശിക തുക പൂർണ്ണമായും അടച്ച് തീർത്ത് പെൻഷൻ അർഹത നേടുന്നതിനായി ഒറ്റത്തവണ തീർപ്പാക്കലിന് 2026 മാർച്ച് 31 വരെ കാലാവധി അനുവദിച്ചിട്ടുണ്ട്. ഈ അവസരം ക്ഷേമനിധി അംഗങ്ങൾ പ്രയോജനപ്പെടുത്തണമെന്നും അംശാദായ കുടിശികയിൽ മേലുള്ള പിഴ പലിശ നിരക്കിൽ നിലവിൽ അനുവദിച്ചിട്ടുള്ള താൽക്കാലിക ഇളവ് 2026 മാർച്ച് മാസത്തോടെ അവസാനിക്കുന്നതാണെന്നും അംഗങ്ങളുടെ പെൻഷൻ തിയ്യതിക്ക് മുമ്പ് കുടിശ്ശികകൾ കൃത്യമായി അടച്ച് തീർക്കാൻ അംഗങ്ങൾ ശ്രദ്ധിക്കണമെന്നും ക്ഷേമനിധി ബോർഡിന്റെ അറിയിപ്പിൽ പറയുന്നു.
പ്രവാസി ക്ഷേമനിധിയിൽ അംഗത്വമെടുത്ത ഒട്ടേറെ പേർക്ക് ആശ്വാസകരമായ തീരുമാനമെടുത്ത പ്രവാസി ക്ഷേമനിധി ബോർഡിന്റെ നടപടിയെ ഗൾഫ് മലയാളി കോ-ഓർഡിനേഷൻ കമ്മറ്റി ചെയർമാൻ അഷ്റഫ് കളത്തിങ്ങൽ പാറ സ്വാഗതം ചെയ്തു
Post a Comment
Thanks