കോഴിക്കോട് | ജല വിതരണം മുടങ്ങിയതിനെ തുടർന്ന് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും ബുദ്ധിമുട്ടി. കുറ്റിക്കാട്ടൂരിൽ കലുങ്ക് പണിക്കിടെ ജല അതോറിറ്റിയുടെ 700 എംഎം കാസ്റ്റ് അയേൺ പൈപ്പ് പൊട്ടിയതിനെ തുടർന്നാണ് 2 ദിവസമായി ജലവിതരണം മുടങ്ങിയത്. വെള്ളമില്ലാത്തത് ആശുപത്രിലാബിന്റെ പ്രവർത്തനത്തെ ബാധിച്ചു. ഒപി വിഭാഗത്തിലും വാർഡുകളിലും ചികിത്സ തേടുന്ന രോഗികൾ ലാബ് പരിശോധനയ്ക്കായി എത്തിയപ്പോൾ വെള്ളമില്ലാത്തതിനാൽ പിന്നീട് വരാൻ പറഞ്ഞു മടക്കി.
വെള്ളം ഇല്ലാത്തതിനാൽ ശുചീകരണം നടത്താൻ കഴിയാതെ ജീവനക്കാരും പ്രയാസപ്പെടുകയാണ്. പലരും ശുചിമുറികൾ ഉപയോഗിച്ചതോടെ ദുർഗന്ധം മൂലം അടുത്തേക്കു പോകാൻ പറ്റാതെയായി. ടാങ്കർ ലോറിയിൽ വെള്ളം വരുന്നതും നോക്കി അതിരാവിലെ മുതൽ ആളുകൾ ആശുപത്രിയുടെ പ്രധാന ഗേറ്റിനു സമീപം കാത്തു നിന്നു. ഇതിനിടെ വെള്ളത്തിനായുള്ള ബക്കറ്റിനു ചിലർ കൂടുതൽ വില വാങ്ങിയതായും ആളുകൾ പരാതി പറഞ്ഞു.
പലരും കിട്ടാവുന്ന കുപ്പികളിലും ബക്കറ്റിലുമായി വെള്ളം ശേഖരിച്ചു. എറണാകുളം സ്വദേശിയായ ഷാജി കെട്ടിട നിർമാണ ജോലിക്കിടെ പരുക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളം ഇല്ലാത്തതിനാൽ ഒടുവിൽ ബക്കറ്റുമായി അദ്ദേഹം തന്നെ ഏറെ സമയം കാത്തു നിൽക്കുകയായിരുന്നു.
إرسال تعليق
Thanks