കോഴിക്കോട്: ഡിസബിലിറ്റി എന്നത് വ്യക്തിപരമായ വൈകല്യമല്ലെന്നും മറിച്ച് പരിമിതികളെ ഉൾക്കൊള്ളാൻ കഴിയാത്ത സമൂഹത്തിന്റെ പരാജയമാണെന്നും അടിവരയിട്ട് കേരള ഡിസബിലിറ്റി ഫെസ്റ്റിവലിലെ (കെ.ഡി.എഫ്) അക്കാദമിക് സെഷൻ.
കോഴിക്കോട് ബീച്ചിലെ പ്രധാന വേദിയിൽ വെള്ളിയാഴ്ച നടന്ന 'ഡിസബിലിറ്റിയും ശരീരവും: പ്രതിനിധാനം, ഏബിലിസം, ദൈനംദിന ജീവിത യാഥാർഥ്യങ്ങൾ' എന്ന ചർച്ചാ സംഗമത്തിലാണ് കേരളത്തിലെ സാമൂഹിക-ഭരണ വ്യവസ്ഥകൾക്കുള്ള ശക്തമായ തിരുത്തലുകൾ ഉയർന്നുവന്നത്. ഡോ. നൂർജഹാൻ നിയന്ത്രിച്ച സെഷൻ, മെഡിക്കൽ മോഡലുകളിലും, ചാരിറ്റി മോഡലുകളിലും തളച്ചിടപ്പെട്ട ഡിസബിലിറ്റി സംവാദങ്ങളെ പൗരാവകാശത്തിന്റെയും ലിംഗനീതിയുടെയും പുതിയ തലങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചു.
ഡിസബിലിറ്റിയുള്ളവരുടെ ശരീരത്തെ വെറും ചികിത്സാ വസ്തുക്കളായോ സഹതാപം അർഹിക്കുന്ന രൂപങ്ങളായോ കാണുന്ന പ്രവണതയ്‌ക്കെതിരെ പാനലിസ്റ്റുകൾ സംസാരിച്ചു. ഘടനപരമായ അനീതികൾ എന്നീ ദന്ത്വങ്ങളിൽ നിന്ന് കൊണ്ട് ഡിസബിലിറ്റി ഡിസ്‌കോഴ്സിനെ മുന്നോട്ട് കൊണ്ട് പോവുന്നത്തിലെ പരിമിതികളെ കുറിച്ച് Do. ബിന്ദുലക്ഷ്മി സംസാരിച്ചു. ശരീരത്തെ വിജ്ഞാനത്തിൻ്റെ ഉറവിടമായി മനസ്സിലക്കേണ്ടത്തിൻ്റെ ആവശ്യതകയെ കുറിച്ച് അവർ ഊന്നി പറഞ്ഞു.
ഡിസബിലിറ്റിയുള്ള ശരീരം എന്നത് ജൻഡർ, സെക്സ്വാലിറ്റി, രാഷ്ട്രീയം എന്നിവയുമായി എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് ഡോ. ബിന്ദുലക്ഷ്മി വിശദീകരിച്ചു. ഡിസബിലിറ്റിക്കാരായ സ്ത്രീകൾ അനുഭവിക്കുന്ന ഇരട്ട വിവേചനവും അവരുടെ മാതൃത്വവും സ്വകാര്യതയും നിഷേധിക്കപ്പെടുന്ന സാഹചര്യവും ചർച്ചാവിഷയമാക്കി. സഹായം നൽകുന്നതിലെ അതിരുകടന്ന കടന്നുകയറ്റങ്ങൾ വ്യക്തികളുടെ പൗരത്വത്തെയും സ്വാതന്ത്ര്യത്തെയും എപ്രകാരം റദ്ദാക്കുന്നുവെന്ന സെഷനിൽ ഗൗരവകരമായ ചർച്ചകൾക്ക് വഴിവെച്ചു. അസാമാന്യ കഴിവുകൾ പ്രകടിപ്പിക്കുന്നവരെ മാത്രം ആഘോഷിക്കുന്ന 'സൂപ്പർക്രിപ്' മാതൃകകൾ സാധാരണക്കാരായ ഡിസബിലിറ്റിക്കാർക്ക് മേൽ വലിയ മാനസിക സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
തന്റെ ജീവിതാനുഭവങ്ങളെ മുൻനിർത്തി സംസാരിച്ച പാനലിസ്റ്റ് ശബരി, സമൂഹത്തിന്റെ ഏബിലിസ്റ്റ് (Ableism) ചിന്താഗതികളെ നിശിതമായി വിമർശിച്ചു. 'ദിവ്യാംഗൻ' എന്നതടക്കമുള്ള വിശേഷണങ്ങൾ ഡിസബിലിറ്റിക്കാരെ അസാധാരണ ജീവികളായി മാറ്റിനിർത്തുന്നവയാണെന്നും, ആക്സസിബിലിറ്റി ഇല്ലാത്ത സാഹചര്യങ്ങളാണ് യഥാർത്ഥത്തിൽ ഒരു വ്യക്തിയെ അശക്തനാക്കുന്നതെന്നും ഓർമ്മിപ്പിച്ചു. സിനിമയിലും സോഷ്യൽ മീഡിയയിലും ഡിസബിലിറ്റി കളിയാക്കാനുള്ള ഉപാധിയായി ഇപ്പോഴും തുടരുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്നും അഭിപ്രായമുയർന്നു.
ഓരോ പഞ്ചായത്തിലും പ്രാദേശികമായി സ്കൂൾ സൗകര്യങ്ങൾ ഒരുക്കണമെന്നതും വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർണ്ണമായും ഡിസബിലിറ്റി സൗഹൃദമാക്കണമെന്നതുമായിരുന്നു സെഷനിലെ പ്രധാനപ്പെട്ട നിർദ്ദേശം. ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കൾക്ക് കൗൺസിലിംഗ് നൽകേണ്ടതിന്റെ അനിവാര്യതയും പ്രതിനിധികൾ പങ്കുവെച്ചു. ഭരണപരമായ ഭാഷ പരിഷ്കരിക്കേണ്ടതും ഇൻഫ്രാസ്ട്രക്ചർ മാറ്റങ്ങൾക്കൊപ്പം സാമൂഹിക ബോധവൽക്കരണം ശക്തമാക്കേണ്ടതും അനിവാര്യമാണെന്ന് സെഷൻ വിലയിരുത്തി. കരുണയല്ല, മറിച്ച് തുല്യ അവകാശങ്ങളുള്ള പൗരന്മാരായി തങ്ങളെ കാണണമെന്ന രാഷ്ട്രീയ ബോധം ഡിസബിലിറ്റി സമൂഹത്തിനിടയിലും പൊതുസമൂഹത്തിനിടയിലും വളരേണ്ടതുണ്ടെന്ന ആഹ്വാനത്തോടെയാണ് സംവാദം അവസാനിച്ചത്.
‘തൊഴിൽ അന്വേഷണകരിൽ നിന്ന് തൊഴിൽദാതക്കളിലേക്ക് : ഡിസബിലിറ്റി സംരംഭകരുടെ മുന്നേറ്റം’ എന്ന തലകെട്ടിൽ നടന്ന ചർച്ചയിൽ നദീർ കെ.ടി, റഷീദ് മമ്പാട്, ഗീത സലീഷ്, പ്രിയ മാത്യു, പഹ് ലിഷ കള്ളിയത്ത്, ബഷീർ മമ്പുറം എന്നിവർ സംസാരിച്ചു. ‘ശാരീരിക വെല്ലുവിളികളും ഡിസെബിലിറ്റിയും’ എന്ന സെക്ഷനിൽ ഡോ. റോഷൻ ബിബിലി, ഡോ. സുരേഷ് കുമാർ, ഡോ. കെഎസ് ഷാജി, ഡോ. മുഹ്‌ലിസ വി എന്നിവർ സംവദിച്ചു. ‘അപൂർവ്വ രോഗങ്ങൾ തിരിച്ചറിവും പ്രതിരോധവും’ ഗോപിക കെ എൻ, ഡോ. നിഷ എം, യൂസഫ് ചങ്ങോരത്ത്, ഡോ. ദിൽഷത്ത് റൈഹാന, അരുൺ കെ എ എന്നിവർ പങ്കെടുത്തു.
‘സ്വകാര്യ- പൊതുമേഖല തൊഴിലിടങ്ങളിലെ ഡിസബിലിറ്റി ഇൻക്ലൂഷൻ’ എന്ന വിഷയത്തെക്കുറിച്ച് ആദം സദ, മൻസൂർ അലി, ഡോ. ഗോപി രാജ്, സിബിൻ എൽദോസ്, റാം കുമാർ എം.ആർ എന്നിവർ ചർച്ച നടത്തി.
‘മെഡിക്കൽ ചികിത്സയും പുനരാധിവാസവും: ഒരു സമഗ്ര സമീപനം’ എന്ന വിഷയത്തെ സംബന്ധിച്ച് ഡോ. റോഷൻ ബിജ്ലി, ഡോ. ബിനീഷ് സി, ഡോ. സന്ദീപ്, ഡോ. ഷാജി തോമസ് ജോൺ എന്നിവരും സംസാരിച്ചു.
إرسال تعليق
Thanks