അനർഹമായി റേഷൻ വാങ്ങിയ കാർഡ് ഉടമകളിൽ നിന്ന് 50.35 ലക്ഷം ഈടാക്കി


ഒരു വർഷത്തിനിടെ പെരിന്തൽമണ്ണ താലൂക്കിൽ അനർഹമായി കൈവശം വച്ച് റേഷൻ സാധനങ്ങൾ കൈപ്പറ്റിയിരുന്ന 1157 മുൻഗണനാ കാർഡുകൾ അധികൃതർ പിടിച്ചെടുത്തു.


ഇവരുടെ കാർഡുകൾ മുൻഗണനേതര വിഭാഗത്തിലേക്ക് മാറ്റി. അനർഹമായി വാങ്ങിയ റേഷൻ സാധനങ്ങളുടെ വിലയായ 50,35,552 രൂപ ഇവരിൽ നിന്ന് ഈടാക്കി സർക്കാരിലേക്ക് അടവാക്കി. 2025 ജനുവരി മുതൽ കഴിഞ്ഞ മാസം വരെയുള്ള കണക്കാണിത്. ജനുവരി മാസത്തിൽ മാത്രമായി ബിപിഎൽ റേഷൻ കാർഡ് അനർഹമായി കൈവശം വച്ച 83 കാർഡുകൾ പിടിച്ചെടുത്ത് 600314 രൂപ ഈടാക്കി.


ഇതിൽ സർക്കാർ–അർധ സർക്കാർ–സഹകരണ സംഘം ജീവനക്കാർ, 1000 ചതുരശ്ര അടിക്ക് മുകളിൽ വീട് ഉള്ളവർ, സ്വന്തമായി 4 ചക്ര വാഹനങ്ങൾ ഉള്ളവർ, ഒരു ഏക്കറിൽ കൂട‌ുതൽ ഭൂമിയുള്ളവർ, ആദായ നികുതി അടയ്ക്കുന്നവർ എന്നിവർ ഉൾപ്പെടും. ഈ കാലയളവിൽ മുൻഗണനേതര വിഭാഗത്തിൽ നിന്ന് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനായി ലഭിച്ച അപേക്ഷകളിൽ അർഹമായ 1942 കാർഡുകൾ പിഎച്ച്എച്ച്(പിങ്ക്) വിഭാഗത്തിലേക്കും 159 കാർഡുകൾ എഎവൈ(മഞ്ഞ) വിഭാഗത്തിലേക്കും മാറ്റി. മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിന് അർഹരായ കാർഡുടമകൾക്ക് 13 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.


1000 ചതുരശ്ര അടിയിൽ കുറവ് വിസ്‌തീർണമുള്ള വീടുള്ളവരും നാലുചക്ര വാഹനം ഇല്ലാത്തവരും ഒരു ഏക്കറിൽ കൂടുതൽ ഭൂമി ഇല്ലാത്തവരും ആദായ നികുതി അടയ്‌ക്കാത്തവരും സർക്കാർ–അർധ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിയില്ലാത്തവരും ആയിരിക്കണം അപേക്ഷകർ.


മുൻഗണനാ കാർഡുകൾ കൈവശം വച്ച അനർഹരെ കണ്ടെത്തുന്നതിന് കർശന പരിശോധനകൾ നടത്തി വരുന്നതായി അധികൃതർ അറിയിച്ചു. മുൻഗണനാ കാർഡുകൾ കൈവശം വച്ചിട്ടുള്ള അനർഹരായവർ എത്രയും പെട്ടെന്ന് താലൂക്ക് സപ്ലൈ ഓഫിസിൽ റേഷൻ കാർഡുമായി ഹാജരായി റേഷൻ കാർഡ് തരം മാറ്റി നിയമ നടപടികളിൽ നിന്ന് ഒഴിവാകണമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ വി.അബ്‌ദു അറിയിച്ചു. 


Post a Comment

Thanks

أحدث أقدم