ഇന്റർനെറ്റ് വിപ്ലവവുമായി മലപ്പുറം; മലപ്പുറത്ത് 27,000 കടന്ന് സംസ്ഥാന സർക്കാരിന്റെ കെ-ഫോൺ കണക്ഷനുകൾ; ബി.പി.എൽ കുടുംബങ്ങൾക്കും കൈത്താങ്ങ്..!


മലപ്പുറം : കുറഞ്ഞ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ കെ-ഫോൺ പദ്ധതിയിൽ മലപ്പുറം ജില്ല വൻ കുതിപ്പ് നടത്തുന്നു. സംസ്ഥാനത്ത് ഇതുവരെ വിതരണം ചെയ്ത 1,44,901 കണക്ഷനുകളിൽ 27,987 എണ്ണവും മലപ്പുറത്താണ്.


ഇതിൽ 21,859 എണ്ണവും ഗാർഹിക കണക്ഷനുകളാണ് എന്നത് ജില്ലയിലെ സാധാരണക്കാർക്കിടയിൽ പദ്ധതിക്കുണ്ടായ സ്വീകാര്യത വ്യക്തമാക്കുന്നു.


കണക്ഷനുകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള കോട്ടയം, പാലക്കാട് ജില്ലകളെ അപേക്ഷിച്ച് ഇരട്ടിയിലധികം നേട്ടമാണ് മലപ്പുറം കൈവരിച്ചത്. കോട്ടയത്തും പാലക്കാട്ടും 13,271 വീതം കണക്ഷനുകളാണുള്ളത്. ഏറ്റവും കുറവ് കണക്ഷനുകൾ കാസർകോട് ജില്ലയിലാണ് (4,389).


ഗ്രാമപ്രദേശങ്ങളിൽ പോലും ഫൈബർ കേബിളുകൾ വിന്യസിക്കാൻ സാധിച്ചതാണ് മലപ്പുറത്തിന് കരുത്തായത്.


 ജില്ലയിലെ 2,379 സർക്കാർ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിലവിൽ കെ-ഫോൺ സേവനം ലഭ്യമാണ്. 

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള ബി.പി.എൽ കണക്ഷനുകളുടെ കാര്യത്തിലും മലപ്പുറം ഏറെ മുന്നിലാണ്. ഒരു നിയോജക മണ്ഡലത്തിൽ 100 വീടുകൾ എന്ന നിലയിൽ 1,400 കുടുംബങ്ങൾക്ക് കണക്ഷൻ നൽകാനായിരുന്നു ലക്ഷ്യമെങ്കിലും, നിലവിൽ 3,558 ബി.പി.എൽ കുടുംബങ്ങൾക്ക് ഇന്റർനെറ്റ് ലഭ്യമാക്കാൻ സാധിച്ചു.


മലപ്പുറം മുണ്ടുപറമ്പിലെ കെ.എസ്.ഇ.ബി 110 കെ.വി സബ് സ്റ്റേഷൻ കേന്ദ്രീകരിച്ചാണ് ജില്ലയിലെ വിതരണം നിയന്ത്രിക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 35 സെർവറുകൾ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്.


ലോക്കൽ നെറ്റ് വർക്ക് ഓപ്പറേറ്റർമാർ വഴിയാണ് കെ-ഫോൺ കണക്ഷനുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത്. പ്രതിമാസം 299 രൂപയ്ക്ക് 3,000 ജി.ബി ഡാറ്റ ലഭിക്കുന്ന പ്ലാനാണ് ഏറ്റവും ആകർഷകം. പുതിയ കണക്ഷൻ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 'എന്റെ കെ ഫോൺ' ആപ്പ് വഴിയോ 18005704466 എന്ന ടോൾ ഫ്രീ നമ്പർ വഴിയോ അപേക്ഷിക്കാവുന്നതാണ്.

Post a Comment

Thanks

Previous Post Next Post