സ്വർണവിലയിൽ വമ്പൻ കുതിപ്പ്; യുദ്ധമുഖം തുറന്ന് മധ്യേഷ്യ, പവൻ വീണ്ടും 1.2 ലക്ഷത്തിലേക്ക്?


കൊച്ചി | മധ്യേഷ്യയിൽ വീണ്ടും യുദ്ധമുഖം തുറക്കുമെന്ന സൂചനകൾക്കിടെ കേരളത്തിലെ സ്വർണവിലയിൽ വമ്പൻ കുതിപ്പ്. ഗ്രാമിന് 210 രൂപ കൂടി 14,345 രൂപയിലെത്തി. പവൻവില 1,680 രൂപ കയറി 1,14,760 രൂപയിലുമെത്തി. ഇന്നലെ കേരളത്തിലെ സ്വർണവില മാറിയിരുന്നില്ല. നിലവിൽ രണ്ട് ശതമാനത്തോളം ഉയർന്ന് ഔൺസിന് 5,000 ഡോളറിന് അടുത്താണ് രാജ്യാന്തര വിപണിയിലെ സ്വർണവില. നിലവിലെ ട്രെൻഡ് തുടർന്നാൽ കേരളത്തിലെ സ്വർ‍ണവില ഇനിയും മാറാനുള്ള സാധ്യതയുണ്ട്. 


കനം കുറഞ്ഞ സ്വർണാഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണത്തിന് ഇന്നും രണ്ടു വിലയാണ്. ഗ്രാമിന് 175 രൂപയുടെ വർധനയോടെ 11,785 രൂപയാണ് ഓള്‍ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷൻ നിശ്ചയിച്ചിരിക്കുന്ന വില. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷന് കീഴിലുള്ള ജ്വല്ലറികളിൽ ഗ്രാമിന് 11,850 രൂപയിലും വിൽപ്പന നടക്കുന്നു. വെള്ളി വില ഗ്രാമിന് 270 രൂപയിലാണ്.


ഇന്നത്തെ വിലയിൽ കേരളത്തിൽ ഒരു പവൻ സ്വർണം വാങ്ങാൻ 1.3 ലക്ഷം രൂപയെങ്കിലും വേണം. പത്തു ശതമാനം പണിക്കൂലിയും നികുതിയും ഹോൾ മാർക്കിങ് ചാര്‍ജും ചേർത്തുള്ള തുകയാണിത്. 


ഇറാൻ –യുഎസ്, റഷ്യ – യുക്രെയ്ൻ സമാധാന ശ്രമങ്ങൾ പാളിയതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്‍റെ ഡിമാൻഡ് കൂടി. ചർച്ചകൾ പരാജയപ്പെട്ടതോടെ ഇറാനെതിരെ യുഎസ് സൈനിക നടപടിയ്ക്ക് ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. എന്നാൽ യുഎസ് ഫെഡ് റിസർവിന്‍റെ കഴിഞ്ഞ യോഗത്തിലെ ചർച്ചാ വിഷയങ്ങൾ പുറത്തുവന്നത് കൂടുതൽ വില വർധിക്കാൻ തടസമാണ്. അടിസ്ഥാന പലിശ നിരക്കിൽ ഉടനൊന്നും മാറ്റം വരുത്തേണ്ടെന്ന ധാരണയിലാണ് ഫെഡ് റിസര്‍വ്. അങ്ങനെ വന്നാൽ ഡോളറും യുഎസ് ബോണ്ടുകളും ശക്തമാകും. ഇതോടെ ആളുകൾ സ്വർണ നിക്ഷേപങ്ങൾ പിൻവലിക്കാനും വില കുറയാനും സാധ്യതയുണ്ട്.


 പ്രധാന കറൻസികൾക്കെതിരെ അമേരിക്കൻ ഡോളറിന്‍റെ വിനിമയ നിരക്ക് അളക്കുന്ന ഡോളർ സൂചിക വർധിച്ചതും സ്വർണവില പിടിവിട്ടു കുതിക്കാതെ തടഞ്ഞു. ഡോളർ സൂചിക വർധിക്കുന്നതോടെ മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നതിനുള്ള ചെലവ് കൂടുന്നതാണ്  പ്രവണത. 

Post a Comment

Thanks

Previous Post Next Post