പിതാവ് സഞ്ചരിച്ച അതേ വാഹനവും അതേ ഡ്രൈവറും: അപൂർവ്വ നേട്ടവുമായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.പി.സ്മിജി .


മലപ്പുറം: പിതാവ് ഉപയോഗിച്ച വസ്തുക്കൾ പിതാവിന്റെ മരണശേഷമോ അല്ലാതെയോ മക്കൾക്ക് ലഭിക്കാറുണ്ട്. അത് കൂടുതലും ലഭിക്കുക കുടുംബ സ്വത്ത് വിവിതം വെക്കുമ്പോഴായിരിക്കും. 

എന്നാൽ ജനാധിപത്യ സംവിധാനത്തിൽ ഒരു തെരഞ്ഞെടുപ്പിൽ ജയിച്ച് വരുന്ന ഒരു വ്യക്തിക്ക് തന്റെ പിതാവ് വർഷങ്ങൾ ഉപയോഗിച്ച വാഹനവും അത് ഓടിച്ചിരുന്ന അതേ  ഡ്രൈവറെയും ഒന്നിച്ച് ലഭിക്കുകയെന്ന് വെച്ചാൽ  അത് ഒരപൂർവ്വത തന്നെയാണ്.

മലപ്പുറം  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ: എ.പി. സ്മിജിയാണ് ഈ അപൂർവ്വ നേട്ടത്തിനുടമ. മുസ്ലിം ലീഗ് നേതാവും മുൻ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന അന്തരിച്ച എ.പി.ഉണ്ണികൃഷ്ണന്റെ മകളാണ് എ.പി. സ്മിജി. എ.പി.ഉണ്ണികൃഷ്ണൻ 2015 മുതൽ 2020 വരെ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. അന്ന് എ.പി.ഉണ്ണികൃഷ്ണൻ ഉപയോഗിച്ചിരുന്നത് KL 10 AQ 5 നമ്പർ ഇന്നോവ വണ്ടിയായിരുന്നു. അന്ന് ഉണ്ണികൃഷ്ണന്റെ സഹായിയും ഡ്രൈവറുമായി കൂടെയുണ്ടായിരുന്നത് യാസീൻ ആയിരുന്നു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരു നിമിത്തമെന്നോണം  ഉണ്ണികൃഷ്ണന്റെ മകൾ അഡ്വ: സ്മിജിയെ മുസ്ലിം ലീഗ് പാർട്ടി ജില്ലാ പഞ്ചായത്ത് താനാളൂർ ഡിവിഷനിൽ നിന്ന് മൽസരിപ്പിക്കുകയും നല്ല ഭൂരിപക്ഷത്തോടെ സ്മിജി വിജയിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പദവി സ്ത്രീ ജനറലായിരുന്നിട്ടും ആ സ്ഥാനത്തേക്ക് പരിഗണിക്കാൻ പ്രഗൽഭരും പരിചയ സമ്പന്നരുമായ വനിതാ നേതാക്കൾ ഒട്ടേറെ ഉണ്ടായിട്ടും  മുസ്ലിം ലീഗ് പാർട്ടി വിപ്ളവകരമായ ഒരു തീരുമാനത്തിലൂടെ കന്നിക്കാരിയായ ഉണ്ണികൃഷ്ണന്റെ മകൾ അഡ്വ: സ്മിജിയെയാണ് ആ സ്ഥാനത്തേക്ക് പരിഗണിച്ചത്.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട സ്മിജിക്ക് ലഭിച്ച ഔദ്യോഗിക വാഹനമാവട്ടെ പത്ത് വർഷങ്ങൾക്ക് മുമ്പ് തന്റെ പിതാവ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായപ്പോൾ ഉപയോഗിച്ച അതേ ഔദ്യോഗിക വാഹനവും അതേ ഡ്രൈവർ യാസീനും തന്നെ. ഇതൊരു അപൂർവ്വ ഭാഗ്യമായി സ്മിജിയും കുടുംബവും മാത്രമല്ല ഉണ്ണികൃഷ്ണന്റെ നാട്ടുകാരും പറയുന്നു. നാട്ടുകാരുടെ പ്രിയപ്പെട്ട ഉണ്ണികൃഷ്ണനെയും വഹിച്ച് കൊണ്ട് വർഷങ്ങൾ കണ്ണമംഗലത്തെ വീഥികളിലൂടെ വന്ന് പരിചിതമായ അതേ ഔദ്യോഗിക വാഹനത്തിൽ മകൾ സ്മിജിയും സഞ്ചരിക്കുന്നത് കാണുമ്പോൾ ഉണ്ണികൃഷ്ണന്റെ സ്മരണകൾ അയവിറക്കുകയാണ്  സ്മിജിയിലൂടെ നാട്ടുകാരും കുടുംബാംഗങ്ങളും.

പിതാവ് ഉപയോഗിച്ച അതേ വാഹനം തനിക്കും ഔദ്യോഗിക വാഹനമായി ലഭിച്ചപ്പോൾ ആ സന്തോഷം പങ്കിടാൻ സ്മിജി ആദ്യ യാത്ര പോയത് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അടുത്തേക്കായിരുന്നു. ഉണ്ണികൃഷ്ണനും പാണക്കാട് കുടുംബവും തമ്മിൽ അഭേദ്യമായ ബന്ധമായിരുന്നു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post