എന്‍എസ്എസ് – എസ്എന്‍ഡിപി ഐക്യ പിൻമാറ്റത്തില്‍ ആരും ഇടപെട്ടിട്ടില്ല, ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴേണ്ടന്ന് തീരുമാനിച്ചു’; വെള്ളാപ്പള്ളി നടേശന് മുറപടിയുമായി സുകുമാരൻ നായര്‍


കോട്ടയം: എന്‍എസ്എസ് – എസ്എന്‍ഡിപി ഐക്യത്തിൽ നിന്നും പിന്മാറിയതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി എന്‍എസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍. ഐക്യപിന്മാറ്റത്തിനായി ആരും ഇടപെട്ടിട്ടില്ലെന്നും ഐക്യം വേണ്ടെന്ന് തീരുമാനിച്ചത് എന്‍എസ്എസ് ഡയറക്ടർ ബോർഡാണെന്നും സുകുമാരൻ നായർ വ്യക്തമാക്കി. ഐക്യം ഒരു കെണിയാണെന്ന് തോന്നിയെന്നും അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. വെള്ളാപ്പള്ളി നടേശൻ്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് വിഷയത്തിൽ സുകുമാരൻ നായര്‍ പ്രതികരിച്ചത്.

വെള്ളാപ്പള്ളിക്കെതിരായ വിമർശനങ്ങളെ എതിർത്ത് അദ്ദേഹത്തെ പിന്തുണച്ചപ്പോഴാണ് വെള്ളപ്പള്ളി ഫോണിൽ സംസാരിച്ചത്. ഐക്യം വേണമെന്ന് ആവിശ്യപ്പെട്ടത് വെള്ളാപ്പള്ളി നടേശനാണ്. ആകാമെന്ന് ഞാൻ മറുപടിയും പറഞ്ഞു. പിന്നാലെ തുഷാറും വിളിച്ചു. മൂന്ന് ദിവസത്തിനകം വരാം എന്നാണ് പറഞ്ഞത്. എന്തിനാണ് അത്രയും ദിവസം കാത്തിരിക്കുന്നത്. തുഷാറിനെ തിരിച്ച് വിളിച്ചു താങ്കൾ എന്‍ഡിഎ നേതാവ് അല്ലേ എന്ന് ചോദിച്ചു. നിങ്ങൾക്ക് എങ്ങനെ ഐക്യ ചർച്ചയ്ക്ക് സാധ്യമാകും എന്ന് തുഷാറിനോട് ചോദിച്ചു. ഐക്യം ഒരു കെണി ആണെന്ന് തോന്നി, ആ കെണിയിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നുവെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. ഡയറക്ടർ ബോർഡ്‌ വേഗം വിളിച്ചു ചേർത്തത് ഞാൻ തന്നെയാണ് പ്രമേയം അവതരിപ്പിച്ചത്. എല്ലാവരും പിന്തുണക്കുകയായിരുന്നു. പിന്മാറ്റത്തിനായി ആരും ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


വെള്ളാപ്പള്ളിക്ക് പത്മഭൂഷൺ പുരസ്കാരം ലഭിച്ചതിൽ തനിക്ക് ആക്ഷേപം ഒന്നും ഇല്ലെന്നും സുകുമാരന്‍ നായര്‍ പ്രതികരിച്ചു. താൻ വിചാരിച്ചിരുന്നെങ്കിൽ ഇതിന് മുൻപേ പത്മഭൂഷൻ കിട്ടിയേനെ എന്നും. ഇതിലൊന്നും തനിക്ക് താല്പര്യമില്ലെന്നുമായിരുന്നു സുകുമാരന്‍ നായര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്‍എസ്എസ് – എസ്എന്‍ഡിപി ഐക്യത്തിന്‍റെ വാതിൽ ഇനി തുറക്കില്ലെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേർത്തു.


അതേസമയം, എസ്.എൻ.ഡി.പി – എൻ.എസ്.എസ് ഐക്യനീക്കത്തിൽ ഉണ്ടായ തിരിച്ചടികളിൽ ജി. സുകുമാരൻ നായരെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. നായർ സമുദായം ഈഴവർക്ക് സഹോദര തുല്യമാണെന്നും, സുകുമാരൻ നായർ നിഷ്കളങ്കനും മാന്യനുമായ വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു. ചേർത്തല എസ്.എൻ കോളേജിൽ നടന്ന എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


സമുദായങ്ങൾ തമ്മിലുള്ള ഐക്യശ്രമം വെറുമൊരു തിരഞ്ഞെടുപ്പ് തന്ത്രമല്ലെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. ‘നായാടി മുതൽ നസ്രാണി വരെ’യുള്ളവരുടെ വിശാലമായ ഐക്യമാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിസന്ധികളിൽ തന്നെ കരുത്തനാക്കിയ വ്യക്തിയാണ് സുകുമാരൻ നായർ. തന്റെ മകനെ സ്വന്തം മകനെപ്പോലെയാണ് അദ്ദേഹം കാണുന്നത്. സംഘടനയ്ക്കുള്ളിലെ വിഭിന്നമായ അഭിപ്രായങ്ങൾ കാരണമാകാം അദ്ദേഹത്തിന് മുൻനിലപാടിൽ മാറ്റം വരുത്തേണ്ടി വന്നത്. ഇതിന്റെ പേരിൽ എൻ.എസ്.എസ്സിനെയോ സുകുമാരൻ നായരെയോ തള്ളിപ്പറയില്ല.


മുസ്ലീം ലീഗ് ഈഴവ സമുദായത്തെ വഞ്ചിച്ച പാർട്ടിയാണെന്ന് അദ്ദേഹം ആവർത്തിച്ചു. തന്റെ എതിർപ്പ് ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തോടാണ് അല്ലാതെ മുസ്ലീം സമുദായത്തോടല്ല. തന്നെ മുസ്ലീം വിരോധിയായി ചിത്രീകരിച്ച് തകർക്കാൻ ശ്രമിക്കുന്നവർക്ക് അത് എളുപ്പമാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഈഴവ സമുദായത്തെ തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ വിരൽ ചൂണ്ടുന്നത് തന്റെ കടമയാണ്. വിമർശനങ്ങൾ ഉണ്ടാകാം, എന്നാൽ സമുദായത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Post a Comment

Thanks

أحدث أقدم