കൊച്ചി: വാക്കുതർക്കത്തിനിടെ ‘പോയി ചാവ്’ എന്ന് പറഞ്ഞത് ആത്മഹത്യാ പ്രേരണക്കുറ്റമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി. കാസർകോട് സ്വദേശിനി അഞ്ചരവയസ്സുള്ള മകളുമായി കിണറ്റിൽച്ചാടി ജീവനൊടുക്കിയ കേസിൽ സുഹൃത്തായ
യുവാവിനെ കുറ്റവിമുക്തനാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് സി പ്രതീപ്കുമാറിന്റെ നിരീക്ഷണം. വഴക്കിനിടെ ഇങ്ങനെ
പറയുന്നത് ആരെങ്കിലും മരിക്കണമെന്ന ഉദ്ദേശ്യത്തോടെയല്ലെന്ന് വിലയിരുത്തിയാണ് ഉത്തരവ്.ഹർജിക്കാരന് വിവാഹിതയായ യുവതിയുമായി ബന്ധമുണ്ടായിരുന്നു. എന്നാൽ, ഹർജിക്കാരൻ വിവാഹത്തിന് ഒരുങ്ങുന്നത് അറിഞ്ഞ യുവതി കലഹിച്ചു. ഇതിനിടെ പ്രകോപിതനായ യുവാവ് 'പോയി ചാവ്' എന്ന് യുവതിയോട് പറഞ്ഞതാണ് ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. 2023 സെപ്തംബർ 15നായിരുന്നു സംഭവം. കിണറ്റിൽ വീണ കുട്ടിയും മരിച്ചു.
യുവാവ് കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ വിടുതൽ ഹർജി തള്ളിയിരുന്നു. തുടർന്ന് ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകി. ചാറ്റുകൾ നശിപ്പിച്ചതിനും ഹർജിക്കാരനെതിരെ കുറ്റം ചുമത്തിയിരുന്നു. ആത്മഹത്യാപ്രേരണ നിലനിൽക്കാത്തതിനാൽ ഡിജിറ്റൽ തെളിവുകൾ നശിപ്പിച്ചതിനുള്ള കുറ്റവും നിലനിൽക്കുന്നതല്ലെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്.
إرسال تعليق
Thanks