എസ്‌ഐആർ മുഖ്യപരാതി പരിഹരിച്ചില്ല; പ്രവാസികൾ വോട്ടർപട്ടികയ്ക്ക്‌ പുറത്തു തന്നെ


  ​പ്രവാസി സംഘടനകൾ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുമായി വോട്ടർപട്ടിക പരിഷ്കരണത്തിലെ (എസ്‌ഐആർ) ആശങ്ക ചർച്ചചെയ്തെങ്കിലും പ്രധാനപരാതിക്ക്‌ പരിഹാരമായില്ല. ഇതോടെ ഇന്ത്യക്കുപുറത്ത്‌ ജനിച്ച പ്രവാസികളായ ലക്ഷങ്ങൾ വോട്ടർപട്ടികയിൽനിന്ന് പുറത്താകും.


പ്രവാസികളായ രക്ഷിതാക്കളുടെ പേര് വോട്ടർപട്ടികയിലുണ്ടെങ്കിലും ഇന്ത്യക്കുപുറത്ത്‌ ജനിച്ച അവരുടെ മക്കൾക്ക് പേരുചേർക്കാനാവില്ലെന്നതാണ് പ്രതിസന്ധി. പേരുചേർക്കാൻ അപേക്ഷിക്കുമ്പോൾ ജനനസ്ഥലം ചോദിക്കുന്നിടത്ത് ഇന്ത്യൻ സംസ്ഥാനങ്ങളേയുള്ളൂ. ഇതുമൂലം വോട്ടവകാശം നിഷേധിക്കപ്പെടുന്ന അഞ്ചുലക്ഷത്തോളം പേരുണ്ടെന്നാണ് കണക്ക്.


മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ (സിഇഒ) ഡോ. രത്തൻ യു. കേൽക്കർ വിളിച്ച ഓൺലൈൻ യോഗത്തിൽ ഇക്കാര്യം പ്രവാസികൾ ഉന്നയിച്ചിരുന്നു. ഇതിൽ സംസ്ഥാനത്തെ സിഇഒയ്ക്ക് തീരുമാനമെടുക്കാൻ കഴിയില്ല. അതിനാൽ, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയിൽപ്പെടുത്തും. ഫോറം ആറ് എയിലൂടെ പേരുചേർക്കാൻ അപേക്ഷിക്കുമ്പോഴുള്ള മറ്റുസാങ്കേതികതടസ്സങ്ങൾ പരിഹരിക്കുമെന്ന് പ്രവാസികൾക്ക് ഉറപ്പു നൽകി.


പ്രവാസിവോട്ടർമാർക്ക് നേരിട്ട് ഹിയറിങ്ങിന് ഹാജരാകാതെതന്നെ കൃത്യമായ രേഖകൾ നൽകി പരിശോധന പൂർത്തിയാക്കാമെന്ന് കമ്മിഷൻ അറിയിച്ചിട്ടുണ്ട്. ഇതോടെ പ്രവാസികളുടെ 50 ശതമാനം പരാതിക്കും പരിഹാരമായെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.


പ്രവാസികൾക്കുവേണ്ടി നാട്ടിലുള്ള ബന്ധുക്കൾ എന്യുമറേഷൻ ഫോറം പൂരിപ്പിച്ചുനൽകിയെങ്കിലും 2002-ലെ എസ്‌ഐആർ പട്ടികയുമായി ചേരുന്നില്ലെങ്കിൽ (നോ മാപ്പിങ്) രേഖകളുമായി ഹിയറിങ്ങിന് നേരിട്ട് ഹാജരാകണമെന്ന മുൻവ്യവസ്ഥയാണ് മാറ്റിയത്. നോ മാപ്പിങ് വിഭാഗത്തിലുള്ള 19.32 ലക്ഷംപേരിൽ ആയിരക്കണക്കിന് പ്രവാസികളും ഉൾപ്പെട്ടിരുന്നു. കെഎംസിസിയുടെ കണക്കനുസരിച്ച് ഇരുപതുലക്ഷത്തിലേറെ മലയാളികൾ പ്രവാസികളാണെന്ന് ഇവരുടെ ആവശ്യങ്ങൾ നിരന്തരം ഉന്നയിക്കുന്ന മുസ്‌ലിംലീഗ് സെക്രട്ടറി മുഹമ്മദ് ഷാ പറഞ്ഞു.


ഇത്രയുംപേർ രാജ്യത്തിനു പുറത്തുണ്ടെങ്കിലും 77,521 പേരാണ് ഇതുവരെ പേരുചർക്കാൻ അപേക്ഷിച്ചത്. പ്രവാസികളുടെ പരാതികൾ ഇ-മെയിലിൽ ലോകകേരളസഭയെ അറിയിച്ചാൽ പരിഹരിക്കുമെന്ന് സംഘടനകളെ സിഇഒ അറിയിച്ചിട്ടുണ്ട്.

Post a Comment

Thanks

Previous Post Next Post