ചെന്നൈ | ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 62 ദൗത്യം പരാജയപ്പെട്ടു. ഭൂമിയിൽ നിന്ന് വിജയകരമായി കുതിച്ചുയർന്ന റോക്കറ്റ് പിന്നീട് വിക്ഷേപണപാതയിൽ നിന്ന് വ്യതിചലിക്കുകയും മൂന്നാംഘട്ടത്തിൽ നിയന്ത്രണം നഷ്ടമാകുകയും ചെയ്തതായി ഐഎസ്ആർഒ അറിയിച്ചു. ഐഎസ്ആർഒയുടെ 2026-ലെ ആദ്യവിക്ഷേപണമായിരുന്നു ഇത്. തുടർച്ചയായ രണ്ടാം തവണയാണ് പിഎസ്എൽവി വിക്ഷേപണം പരാജയപ്പെടുന്നത്.
കഴിഞ്ഞ വർഷം മേയിലാണ് ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-ഒ ഭ്രമണപഥത്തിലെത്തിക്കാനുള്ള പിഎസ്എൽവി-സി 61 ദൗത്യം പരാജയപ്പെട്ടത്. ഇന്നത്തേതിന് സമാനമായി വിക്ഷേപണത്തിന്റെ മൂന്നാംഘട്ടത്തിൽ തന്നെയാണ് അന്നും പ്രശ്നം നേരിട്ടത്. സോളിഡ് മോട്ടോർ ചേംബർ മർദത്തിൽ അസാധാരണമായ കുറവുണ്ടായതാണ് ദൗത്യം പരാജയപ്പെടാൻ അന്ന് കാരണമായത്.
ഭൗമനിരീക്ഷണത്തിനായുള്ള 'അന്വേഷ' ഉൾപ്പെടെ 16 ഉപഗ്രഹങ്ങളാണ് ദൗത്യത്തിലൂടെ ബഹിരാകാശത്ത് എത്തേണ്ടിയിരുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് തിങ്കളാഴ്ച രാവിലെ 10:17-നാണ് പിഎസ്എൽവി-സി 62 വിക്ഷേപിച്ചത്.
ഭൗമോപരിതലത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഇഒഎസ്-എൻ1 (അന്വേഷ) ആണ് ദൗത്യത്തിലെ പ്രധാന ഉപഗ്രഹം. 'അന്വേഷ'യിൽ നിന്നുള്ള വിവരങ്ങൾ ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സംഘടന (ഡിആർഡിഒ) ആയിരിക്കും ഉപയോഗിക്കുക. 511 കിലോമീറ്റർ ഉയരെയുള്ള ഭ്രമണപഥത്തിൽ ഭൂമിയെ ചുറ്റുന്ന അന്വേഷയുടെ വിശദാംശങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടിട്ടില്ല.
ഇന്ത്യയിൽനിന്നും വിദേശരാജ്യങ്ങളിൽ നിന്നുമുള്ളവയാണ് അന്വേഷയ്ക്ക് പുറമെയുള്ള ബാക്കി ഉപഗ്രഹങ്ങൾ. ഐഎസ്ആർഒയുടെ വാണിജ്യവിഭാഗമായ ന്യൂസ്പേസ് ഇന്ത്യാ ലിമിറ്റഡ് മുഖേനെയാണ് ഈ കൃത്രിമോപഗ്രഹങ്ങൾ വിക്ഷേപണത്തിനെത്തിയത്.
സ്പാനിഷ് സ്റ്റാർട്ടപ്പിന്റെ റീ എൻട്രി ക്യാപ്സ്യൂളും ഇന്നത്തെ വിക്ഷേപണത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ബഹിരാകാശത്തുനിന്ന് കുറഞ്ഞ ചെലവിൽ ഭൂമിയിലേക്ക് സുരക്ഷിതമായി തിരികെയെത്താനുള്ള പുതിയൊരു സാങ്കേതികവിദ്യയുടെ പരീക്ഷണത്തിനായാണ് കിഡ് എന്ന റീ എൻട്രി ക്യാപ്സ്യൂൾ അയക്കുന്നത്. വിക്ഷേപിച്ച് രണ്ട് മണിക്കൂറിനകം ക്യാപ്‌സ്യൂൾ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കുകയും ദക്ഷിണ പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി പതിക്കുകയും ചെയ്യും.
ഐഎസ്ആർഒയുടെ വിശ്വസ്തനായ വിക്ഷേപണവാഹനമാണ് പിഎസ്എൽവി. 2017-ൽ 104 ഉപഗ്രഹങ്ങളെ ഒന്നിച്ച് വിക്ഷേപിച്ച് ഐഎസ്ആർഒ ലോകറെക്കോഡ് സ്വന്തമാക്കിയത് ഈ റോക്കറ്റ് ഉപയോഗിച്ചാണ്. എന്നാൽ കഴിഞ്ഞവർഷം മേയ് മാസത്തിൽ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-ഒ ഭ്രമണപഥത്തിലെത്തിക്കാനുള്ള വിക്ഷേപണത്തിൽ പിഎസ്എൽവി-സി61 ദൗത്യം അപ്രതീക്ഷിതമായി പരാജയപ്പെട്ടിരുന്നു. വിക്ഷേപണത്തിന്റെ മൂന്നാംഘട്ടത്തിൽ സോളിഡ് മോട്ടോർ ചേംബർ മർദത്തിൽ അസാധാരണമായ കുറവുണ്ടായതാണ് ദൗത്യം പരാജയപ്പെടാൻ അന്ന് കാരണമായത്.
Post a Comment
Thanks