സംസ്ഥാനത്ത് ഡോക്ടര്‍മാരുടെ തസ്തികയായി; മലപ്പുറം ജില്ലക്ക് അവഗണന; ലഭിച്ചത് നാല് ഡോക്ടര്‍മാരെ മാത്രം


മലപ്പുറം:  സംസ്ഥാന തലത്തില്‍ ഡോക്ടർമാരുടെ തസ്തിക ഉത്തരവിറക്കിയപ്പോള്‍ മലപ്പുറത്തിന് അവഗണന. സംസ്ഥാനത്തെ ആശുപത്രികളിലേക്ക് 202 ഡോക്ടർമാരുടെ തസ്തികകളാണ് സൃഷ്ടിച്ചത്. എന്നാല്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറം ജില്ലയ്ക്ക് ലഭിച്ചത് നാല് ഡോക്ടർമാരെ മാത്രം.


തിരൂർ ജില്ലാ ആശുപത്രിയില്‍ നെഫ്രോളജി, ന്യുറോളജി, ഫോറൻസിക് മെഡിസിൻ എന്നീ വിഭാഗങ്ങളില്‍ ഓരോ ഡോക്ടറും നിലമ്പൂർ ജില്ല ആശുപത്രിയില്‍ ജനറല്‍ സർജറി വിഭാഗത്തില്‍ ഒരു ഡോക്ടറെയും മാത്രമാണ് ജില്ലക്ക് ലഭിച്ചത്. ഏറ്റവും കൂടുതല്‍ രോഗികള്‍ എത്തുന്ന മഞ്ചേരിയില്‍ ഒരു ഡോക്ടറെ പോലും നിയമിച്ചില്ല.


രോഗികളുടെ എണ്ണത്തിനനുസരിച്ച്‌ കിടക്കകളും ജീവനക്കാരും ഇല്ലാതെ ഇരിക്കുമ്പോഴാണ് ജില്ലയോടുള്ള ഈ അവഗണന.


കാർഡിയോളജി വിഭാഗത്തില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിക്ക് മൂന്നും തൃശ്ശൂർ, കോഴിക്കോട്, ആലപ്പുഴ ജനറല്‍ ആശുപത്രി, കണ്ണൂർ, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രികള്‍ക്ക് രണ്ടും, പാലക്കാട് കൊല്ലം, ജില്ല ആശുപത്രികള്‍ക്കും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിക്ക് ഒന്നും ഉള്‍പ്പെടെ 20 ഡോക്ടർമാരെ അനുവദിച്ചപ്പോള്‍ ജില്ലക്ക് ഒന്നുപോലും നല്‍കിയില്ല.


എട്ട് അസിസ്റ്റന്റ് സർജൻ തസ്തികകള്‍ സൃഷ്ടിച്ചെങ്കിലും കൂത്തുപറമ്പ്, ഒറ്റപ്പാലം താലൂക്ക് ആശുപത്രികളിലും ചിറ്റൂർ, കൊട്ടാരക്കര താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രികളിലുമായി ഒതുങ്ങി.


യൂറോളജി വിഭാഗത്തില്‍ പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകള്‍ക്ക് മാത്രമാണ് തസ്തിക. അത്യാഹിത വിഭാഗം മെഡിക്കല്‍ ഓഫീസർമാരുടെ തസ്തികയില്‍ 48ഉം ഗൈനക്കോളജി വിഭാഗത്തില്‍ ഒമ്പതും ശിശുപരിചരണ വിഭാഗത്തില്‍ മൂന്നും അനസ്തേഷ്യാ വിഭാഗത്തില്‍ 21 തസ്തികകളും സൃഷ്ടിച്ചപ്പോള്‍ ജില്ലക്ക് ഒന്നു പോലുമില്ല. ജില്ലയില്‍ ഡോക്ടർമാർ ഇല്ലാത്ത പ്രതിസന്ധി തുടരുകയാണ്.

Post a Comment

Thanks

أحدث أقدم