വയനാട് ദുരന്തബാധിതര്‍ക്ക് ധനസഹായം തുടരും'; വാടകപ്പണവും നല്‍കും, മന്ത്രി കെ രാജൻ.


വയനാട് ചൂരല്‍ മലയില്‍ ദുരന്തബാധിതർക്ക് നല്‍കിവന്ന ധനസഹായം ഡിസംബർ മാസത്തോടെ അവസാനിപ്പിച്ചെന്ന വാർത്ത തെറ്റാണെന്ന് റവന്യു മന്ത്രി കെ രാജൻ.


ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്ന തീയതിവരെ സഹായം തുടരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിലായിരുന്നു ഇതുസംബന്ധിച്ച്‌ അദ്ദേഹം പ്രതികരിച്ചത്.


'ദുരന്തബാധിതർക്ക് അവരുടെ ജീവനോപാധികള്‍ തടസപ്പെടുന്ന സാഹചര്യത്തില്‍ പ്രാഥമികമായി മൂന്ന് മാസം വരെ ദുരന്തനിവാരണ ഫണ്ടിലെ പണം ഉപയോഗിച്ച്‌, ഒരു കുടുംബത്തിലെ രണ്ട് മുതിർന്ന അംഗങ്ങള്‍ക്ക് ദിവസം 300 രൂപ വീതം നല്‍കാനാണ് സർക്കാർ തീരുമാനിച്ചത്. 2024 ഓഗസ്റ്റ് മുതല്‍ ഈ പണം നല്‍കിവരുന്നുണ്ട്. പിന്നീട് മൂന്ന് മാസത്തേക്ക് കൂടി ഈ തുക നല്‍കി.


ആദ്യം ക്യാമ്പില്‍ പങ്കെടുത്ത മുഴുവൻ ആളുകള്‍ക്കും ഈ തുക നല്‍കി. അതിനുശേഷം ജീവനോപാധിയില്ലാതെ കഷ്ടപ്പെടുന്ന അർഹരായവരെ കണ്ടെത്തുകയും തുക നല്‍കുകയും ചെയ്തു. 656 കുടുംബങ്ങളിലെ 1185 ആളുകള്‍ക്കാണ് പണം നല്‍കിയത്. ജനുവരി മാസത്തില്‍ നല്‍കാനുള്ള തുകയുടെ ഉത്തരവ് ഈ മാസമാണ് പുറത്തിറക്കുക. ഉത്തരവ് ഉടൻ ഇറങ്ങും.


ധനസഹായം നല്‍കുന്നതില്‍ മാത്രം 15.64 കോടി രൂപയാണ് സംസ്ഥാന സർക്കാർ ചെലവഴിച്ചത്. വീട് നഷ്ടമായി വാടകവീട്ടില്‍ കഴിയുന്നവരെ സഹായിക്കുന്നതിനായി 2024 ഓഗസ്റ്റില്‍ 813 പേർക്ക് 6000 രൂപ വീതം വാടകപ്പണം നല്‍കി. പിന്നീട് സ്വന്തം വീടുകളിലേക്ക് തിരിച്ചുപോയി. ബാക്കിയുണ്ടായിരുന്ന 425 പേർക്ക് ഡിസംബർ മാസവും വാടകപ്പണം കൊടുത്തു. ഇത്രയും കാലമായി ജനങ്ങളെ സഹായിക്കുന്നതില്‍ ഒരു കുറവും സർക്കാർ വരുത്തിയിട്ടില്ല'- മന്ത്രി വ്യക്തമാക്കി.

Post a Comment

Thanks

Previous Post Next Post