കൊച്ചി: ശബരിമല കട്ടിളപ്പാളിയിൽ സ്വർണം പൂശിയതിന് ദേവസ്വം രേഖകളിൽ തെളിവില്ലെന്ന് കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം കമ്മീഷണർ എൻ. വാസു ഹൈക്കോടതിയിൽ വാദിച്ചു. വാസുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ ഈ വാദം ഉന്നയിച്ചത്. രേഖകളില്ലെങ്കിൽ ഈ കേസ് നിലനിൽക്കുന്നില്ലല്ലോ എന്ന് ഹൈക്കോടതി പ്രതികരിച്ചു.വാസുവിനെ കേസിൽ പ്രതിചേർത്തത്, കട്ടിളപ്പാളിയിലെ സ്വർണപ്പാളികൾ ചെമ്പാണെന്ന് രേഖപ്പെടുത്താൻ കമ്മീഷണർ എന്ന നിലയിൽ അദ്ദേഹം നിർദ്ദേശം നൽകിയതിനെ തുടർന്നാണ്. ഈ നടപടി വലിയ സ്വർണ്ണക്കൊള്ളയ്ക്ക് വഴിയൊരുക്കിയെന്നാണ് കേസ്.
ജാമ്യഹർജിയിൽ വാദങ്ങൾ പുരോഗമിക്കവേ, ശബരിമലയിലെ കമ്മീഷണറായിരുന്ന വാസുവിന് അവിടത്തെ കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകേണ്ടതായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. നേരത്തെ സ്വർണം പൂശിയതിനെക്കുറിച്ച് അദ്ദേഹം അറിഞ്ഞിരിക്കണം. സ്വർണം പൂശുന്നതിനുള്ള അപേക്ഷ ദേവസ്വം ബോർഡിന് കൈമാറുമ്പോൾ, മുൻപ് സ്വർണം പൊതിഞ്ഞതായിരുന്നുവെന്ന് രേഖപ്പെടുത്തണമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇതിന് മറുപടിയായാണ് വാസുവിന്റെ അഭിഭാഷകൻ, കട്ടിളപ്പാളിയിൽ സ്വർണം പൂശിയതായോ പൊതിഞ്ഞതായോ ഒരു രേഖയും ലഭ്യമല്ലെന്ന വാദമുയർത്തിയത്. അങ്ങനെയെങ്കിൽ ഈ കേസ് തന്നെ അപ്രസക്തമാകില്ലേ എന്ന് കോടതി പ്രതികരിച്ചു. അതേസമയം, കട്ടിളപ്പാളി സ്വർണം പൊതിഞ്ഞതുതന്നെയായിരുന്നു എന്ന നിലപാടാണ് സർക്കാർ അഭിഭാഷകൻ കോടതിയിൽ സ്വീകരിച്ചത്.സ്വർണ്ണക്കൊള്ള നടന്നുവെന്ന് കരുതപ്പെടുന്ന 2019 കാലയളവിൽ എൻ. വാസു ദേവസ്വം ബോർഡ് കമ്മീഷണറായിരുന്നു. 2019 മാർച്ച് 19-ന് കട്ടിളപ്പാളിയിലെ സ്വർണപ്പാളികൾ ചെമ്പാണെന്ന് എഴുതാൻ അദ്ദേഹം നിർദ്ദേശം നൽകിയെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് വാസുവിനെ മൂന്നാം പ്രതിയാക്കിയത്. മാർച്ച് 31-ന് അദ്ദേഹം കമ്മീഷണർ സ്ഥാനത്തുനിന്നും മാറി, പിന്നീട് ദേവസ്വം ബോർഡ് പ്രസിഡന്റായി ചുമതലയേറ്റു.
വാസു പ്രസിഡന്റായിരുന്ന സമയത്താണ് സ്വർണ്ണം പൂശൽ പൂർത്തിയായ ശേഷം അന്നത്തെ ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് വിവാദമായ ഇ-മെയിൽ സന്ദേശം ലഭിച്ചത്. സ്വർണം പൂശിയ ശേഷം മിച്ചം വന്ന സ്വർണ്ണം ഒരു പെൺകുട്ടിയുടെ വിവാഹത്തിന് ഉപയോഗിക്കാമോ എന്ന് ചോദിച്ചുകൊണ്ടുള്ളതായിരുന്നു ആ സന്ദേശം. ഈ വിഷയത്തിൽ വാസു നൽകിയ വിശദീകരണം തൃപ്തികരമായിരുന്നില്ല; ഇ-മെയിൽ സന്ദേശം മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്ത ശേഷം കൂടുതൽ അന്വേഷണം നടത്തിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി
Post a Comment
Thanks