കട്ടിളപ്പാളിയിൽ സ്വർണം പൂശിയതിന് രേഖകളില്ലെന്ന് വാസു; അങ്ങനെയെങ്കിൽ ഈ കേസ് തന്നെ ഇല്ലല്ലോയെന്ന് ഹൈക്കോടതി

 


കൊച്ചി: ശബരിമല കട്ടിളപ്പാളിയില്‍ സ്വർണമില്ലെന്ന് അറസ്റ്റിലായ ദേവസ്വം മുന്‍ കമ്മിഷണര്‍ എന്‍. വാസു ഹൈക്കോടതിയില്‍. ദേവസ്വം രേഖകളില്‍ സ്വർണം പൂശിയതായോ പൊതിഞ്ഞതായോ ഇല്ലെന്ന് ഹൈക്കോടതിയിൽ വാസുവിന്റെ അഭിഭാഷകൻ വാദിച്ചു. 

എന്‍. വാസുവിന്റെ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദങ്ങള്‍ നടക്കവേയാണ് അഭിഭാഷകന്‍ ഇത്തരമൊരു വാദവുമായി എത്തിയത്. അങ്ങനെയെങ്കില്‍ ഈ കേസ് തന്നെ ഇല്ലല്ലോ എന്ന് ഹൈക്കോടതിയും മറുപടി നല്‍കി. കട്ടിളപ്പാളിയിലെ സ്വർണപ്പാളികൾ ചെമ്പാണെന്ന് എഴുതാൻ കമ്മിഷണറായിരുന്ന വാസു നിർദേശം നൽകിയെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് വാസുവിനെ കേസിൽ പ്രതിയാക്കിയിരുന്നത്.വാസുവിന്റെ ജാമ്യഹര്‍ജിയില്‍ വാദങ്ങള്‍ പുരോഗമിക്കവേയാണ് ഹൈക്കോടതിയില്‍ വാദപ്രതിവാദങ്ങള്‍ നടന്നത്. ശബരിമലയില്‍ കമ്മിഷണറായി ഉള്ളയാളായ വാസുവിന് അവിടെയുള്ള കാര്യങ്ങളെ കുറിച്ച് ധാരണയുണ്ടാകേണ്ടതായിരുന്നുവെന്നും കോടതി പറഞ്ഞു. 


അവിടെ നേരത്തേ സ്വർണം പൂശിയ കാര്യം വാസു അറിഞ്ഞിരിക്കേണ്ടതായിരുന്നു. സ്വർണം പൂശാനുള്ള കത്ത് ദേവസ്വം ബോര്‍ഡിലേക്ക് കൈമാറുമ്പോള്‍ നേരത്തേ സ്വർണം പൊതിഞ്ഞതായിരുന്നുവെന്ന് രേഖപ്പെടുത്തേണ്ടതായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. ഇതിന് പിന്നാലെയാണ് എന്‍. വാസുവിന്റെ അഭിഭാഷകന്‍ വ്യത്യസ്തമായ വാദവുമായി എത്തിയത്. കട്ടിളപ്പാളിയില്‍ സ്വർണം പൂശിയതായോ പൊതിഞ്ഞതായോ ഒരു രേഖയിലുമില്ലെന്ന് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ ഈ കേസ് തന്നെ ഇല്ലല്ലോ എന്ന് കോടതി മറുപടിയും നല്‍കി. സ്വർണം പൊതിഞ്ഞ കട്ടിളപ്പാളി ചെമ്പുപാളിയാക്കി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയെന്നും അങ്ങനെ വലിയ സ്വർണക്കൊള്ളയ്ക്ക് വഴിയൊരുക്കിയെന്നുമാണ് എന്‍.വാസുവിനെതിരായ കേസ്. എന്നാല്‍ അത് സ്വർണം പൊതിഞ്ഞതുതന്നെയാണെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയിലെടുത്ത നിലപാട്.


ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടന്ന 2019-ല്‍ എന്‍. വാസു ദേവസ്വം ബോര്‍ഡ് കമ്മീഷണറായിരുന്നു. കട്ടിളപ്പാളിയിലെ സ്വർണപ്പാളികൾ ചെമ്പാണെന്ന് എഴുതാൻ കമ്മിഷണറായിരുന്ന വാസു 2019 മാർച്ച് 19-ന് നിർദേശം നൽകിയെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് വാസുവിനെ കേസിൽ മൂന്നാം പ്രതിയാക്കിയത്. മാർച്ച് 31-ന് കമ്മിഷണർസ്ഥാനത്തുനിന്ന് വാസു മാറിയിരുന്നു. പിന്നീട് എ. പത്മകുമാറിന് പിന്നാലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിഎന്‍. വാസു പ്രസിഡന്റായിരിക്കെയാണ് സ്വര്‍ണംപൂശല്‍ കഴിഞ്ഞശേഷം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വിവാദ ഇ-മെയില്‍ സന്ദേശം ലഭിച്ചത്. 

സ്വര്‍ണം പൂശല്‍ കഴിഞ്ഞശേഷവും സ്വര്‍ണം ബാക്കിയുണ്ടെന്നും ഇത് ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിന് ചെലവഴിക്കട്ടേയെന്നും ചോദിച്ചായിരുന്നു പോറ്റിയുടെ ഇ-മെയില്‍ സന്ദേശം. എന്നാല്‍, ഇതുസംബന്ധിച്ച് വാസു നല്‍കിയ വിശദീകരണം തൃപ്തികരമായിരുന്നില്ല. ഇമെയില്‍ സന്ദേശം താന്‍ മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്‌തെന്നും പിന്നീട് അതേക്കുറിച്ച് തിരക്കിയില്ലെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.

Post a Comment

Thanks

Previous Post Next Post