ലോകകപ്പ് പടിവാതില്‍ക്കല്‍; വീണ്ടും തഴയപ്പെട്ട് സഞ്ജു, ജിതേഷ് ടീമില്‍, മലയാളി താരത്തിന്റെ ഭാവിയെന്ത്?


  കട്ടക്ക് | ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമോ എന്ന ആകാംക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ പതിവുപോലെ സഞ്ജു ടീമിന് പുറത്ത്. ടി20 ലോകകപ്പിന് വെറും രണ്ടുമാസം മാത്രം ബാക്കിയുള്ളപ്പോഴാണ് സഞ്ജു വീണ്ടും ടീമില്‍ നിന്നും തഴയപ്പെടുന്നത്. ജിതേഷ് ശര്‍മയാണ് ആദ്യ മത്സരത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ടീമില്‍ ഉള്‍പ്പെട്ടത്.


ടി20 ലോകകപ്പിനു മുമ്പ് 10 മത്സരങ്ങളാണ് ഇന്ത്യയ്ക്ക് ബാക്കിയുള്ളത്. അതില്‍ അഞ്ച് മത്സരങ്ങള്‍ ഈ പരമ്പരയിലും. അതുകൊണ്ടു തന്നെ ലോകകപ്പ് ടീമില്‍ ഇടം ലക്ഷ്യമിട്ട് താരങ്ങള്‍ക്ക് മികച്ച പ്രകടനം നടത്തേണ്ടതുണ്ട്. അതിനാല്‍ തന്നെ ഈ പരമ്പര താരങ്ങള്‍ക്ക് നിര്‍ണായകമാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് സഞ്ജു വീണ്ടും തഴയപ്പെടുന്നത്.


ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റനായി ടീമിലെത്തിയതോടെയാണ് ഓപ്പണര്‍ റോളില്‍ മികച്ച രീതിയില്‍ കളിക്കുകയായിരുന്നു സഞ്ജുവിന് സ്ഥാനം നഷ്ടമാകുന്നത്. ഏഷ്യാ കപ്പില്‍ അഭിഷേകിനൊപ്പം ഗില്‍ ഓപ്പണറായതോടെ സഞ്ജുവിനെ മധ്യനിരയിലേക്ക് മാറ്റി. ഇപ്പോഴിതാ പ്ലേയിങ് ഇലവനില്‍ നിന്നും. മധ്യനിരയില്‍ സഞ്ജുവിന് വേണ്ടവിധത്തില്‍ തിളങ്ങാനായില്ല എന്നതാണ് കാരണമായി പറയപ്പെടുന്നത്. എന്നാല്‍ പകരം ഓപ്പണര്‍ റോളിലെത്തിയ ഗില്ലിന്റെ പ്രകടനവും ശരാശരിയിലും താഴെയാണ്.


ഓസ്‌ട്രേലിയക്കെതിരായ കഴിഞ്ഞ ടി20 പരമ്പരയില്‍ ഒരു മത്സരത്തില്‍ സഞ്ജുവിനെ മൂന്നാമത് ഇറക്കിയിരുന്നു. പിന്നാലെ അവസാന രണ്ടു മത്സരങ്ങളില്‍ സഞ്ജുവിനെ മാറ്റി ജിതേഷിന് അവസരം നല്‍കി. 2024-ല്‍ ഓപ്പണറായി മൂന്ന് സെഞ്ചുറികള്‍ കുറിച്ച താരമാണ് സഞ്ജു. അതില്‍ രണ്ട് സെഞ്ചുറികള്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു. ആ സഞ്ജുവിനെയാണ് ഇപ്പോള്‍ പ്ലേയിങ് ഇലവനില്‍ നിന്നുതന്നെ മാറ്റിയിരിക്കുന്നത്.


2026 ലോകകപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ സഞ്ജുവിന് സ്ഥിരമായ ഒരു അവസരം ടീം മാനേജ്‌മെന്റ് ഇതുവരെ നല്‍കിയിട്ടില്ല. സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത ശേഷമാണ് സഞ്ജുവിന് ഈ അവഗണന നേരിടേണ്ടി വന്നിരിക്കുന്നത്. ഒഡിഷക്കെതിരേ 41 പന്തില്‍ 51 റണ്‍സും ഛത്തിസ്ഗഡിനെതിരെ 15 പന്തില്‍ 43 റണ്‍സും മുംബൈക്കെതിരായ നിര്‍ണായക മത്സരത്തില്‍ 28 പന്തില്‍ നിന്ന് 46 റണ്‍സും ആന്ധ്രയ്‌ക്കെതിരേ 56 പന്തില്‍ 73 റണ്‍സും നേടിയിടത്തു നിന്നാണ് ഈ മാറ്റിനിര്‍ത്തല്‍.


സഞ്ജുവിന് പകരം അവസരം ലഭിച്ച ജിതേഷിനാകട്ടെ സയ്യിദ് മുഷ്താഖ് അലിയില്‍ കാര്യമായ പ്രകടനമൊന്നും അവകാശപ്പെടാനില്ല. മധ്യനിര ബാറ്റര്‍ എന്ന ആനുകൂല്യമാണ് ജിതേഷിന് തുണയാകുന്നത്. ആദ്യ മത്സരത്തില്‍ ജിതേഷ് തിളങ്ങിയാല്‍ പിന്നെ സഞ്ജുവിന് അവസരം ലഭിക്കുമോ എന്നത് കണ്ടറിയണം.

Post a Comment

Thanks

أحدث أقدم