മയക്കുമരുന്നിന് പണം നൽകിയില്ല | ഭർത്താവ് ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ച യുവതി മരിച്ചു..



കോഴിക്കോട്: ഫാറൂഖ് കോളേജ് അണ്ടിക്കാടൻകുഴിയിൽ ഭർത്താവിൻ്റെ വെട്ടേറ്റ് ഗുരുതര പരിക്കേറ്റ് ചികിൽസയിലായിരുന്ന  യുവതി മരിച്ചു. ഫറോക്ക് കരുവൻതിരുത്തി സ്വദേശി മുനീറ (30)യാണ് ചികിത്സയിലിരിക്കെ മരിച്ചത്. 


ബുധനാഴ്ച രാവിലെയാണ് മുനീറയെ ഭർത്താവ് ജബ്ബാർ വെട്ടിപ്പരിക്കേൽപ്പിച്ചത്.


കഴുത്തിനും തലയ്ക്കും കൈയ്ക്കും വെട്ടേറ്റ മുനീറയുടെ നില ഗുരുതരമായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ ഇന്നാണ് മുനീറ മരണത്തിന് കീഴടങ്ങിയത്.


ഫാറൂഖ് കോളേജിന് സമീപം അണ്ടിക്കാടൻ കുഴിയിലാണ് മുനീറയും ജബ്ബാറും താമസിച്ചിരുന്നത്. സമീപത്തെ സൂപ്പർമാർക്കറ്റിലെ ജീവനക്കാരിയായിരുന്നു മുനീറ.


സംഭവ ദിവസം രാവിലെ മുനീറ ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെയാണ് ജബ്ബാർ ആക്രമണം നടത്തിയത്. ജബ്ബാർ ഭാര്യയോട് പണം ചോദിച്ചെന്നും ഭാര്യ പണം നൽകാതിരുന്നതോടെയാണ് ഇയാൾ വെട്ടുകത്തി ഉപയോഗിച്ച് ആക്രമണം നടത്തിയതെന്നുമാണ് പോലീസ് പറയുന്നത്.


മുറിയിൽ പൂട്ടിയിട്ട ശേഷമാണ് ഇയാൾ ഭാര്യയെ ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ചത്. ഗുരുതര പരിക്കേറ്റ മുനീറയെ പിന്നീട് നാട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.


പ്രതിയായ ജബ്ബാറിനെ സംഭവദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്നും പോലീസ് പറഞ്ഞു. ഒരു വർഷം മുൻപും ജബ്ബാർ ഭാര്യയ്ക്ക് നേരേ ആക്രമണം നടത്തിയിരുന്നതായാണ് വിവരം. അന്ന് മുനീറയുടെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു.


തുടർന്ന് ഇരുവരും വിവാഹ ബന്ധം വേർപിരിയുന്ന ഘട്ടം വരെയെത്തി. എന്നാൽ, പിന്നീട് മുനീറ തന്നെ ജബ്ബാറിനൊപ്പം വീണ്ടും താമസിക്കാൻ മുൻകൈയെടുക്കുകയായിരുന്നു. ഇവർക്ക് 8ഉം 4ഉം വയസ്സുള്ള കുട്ടികളുണ്ട്.

Post a Comment

Thanks

أحدث أقدم