താനൂർ ബോട്ടുദുരന്തം: ജുഡീഷ്യൽ കമ്മിഷൻ ഒന്നാംഘട്ട റിപ്പോർട്ട് സമർപ്പിച്ചു


താനൂർ തൂവൽതീരം ബീച്ചിൽ 22 പേരുടെ മരണത്തിനും കുട്ടികളുൾപ്പെടെ 14 പേർക്ക് പരിക്കേൽക്കാനും ഇടയാക്കിയ ബോട്ടുദുരന്തം അന്വേഷിക്കുന്ന ജസ്റ്റിസ് വി.കെ. മോഹനൻ കമ്മിഷൻ ഒന്നാംഘട്ട റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കും കൈമാറി. കമ്മിഷൻ അംഗങ്ങളായ കുസാറ്റ് ഷിപ് ബിൽഡിങ് ടെക്നോളജി വിഭാഗം റിട്ട. പ്രൊഫസർ ഡോ. കെ.പി. നാരായണൻ, റിട്ട. ചീഫ് എൻജിനീയർ (ഇറിഗേഷൻ വിഭാഗം) എസ്. സുരേഷ്‌കുമാർ എന്നിവരും ചേർന്നാണ് റിപ്പോർട്ട് കൈമാറിയത്.


2023 മേയ് ഏഴിനുണ്ടായ ബോട്ടപകടത്തിന്റെ കാരണങ്ങളെക്കുറിച്ചും ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ സംബന്ധിച്ചും റിപ്പോർട്ട് നൽകാനാണ് സർക്കാർ ജസ്റ്റിസ് വി.കെ. മോഹനൻ കമ്മിഷനെ നിയോഗിച്ചത്. തിരൂർ സർക്കാർ വിശ്രമമന്ദിരത്തിലെ കമ്മിഷൻ ക്യാമ്പ് ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും തെളിവെടുപ്പു നടന്നത്. 55 സാക്ഷികളെ വിസ്തരിച്ചു.


രണ്ടാംഘട്ട റിപ്പോർട്ട് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ പൊതുതെളിവെടുപ്പും ഹിയറിങ്ങും 14 ജില്ലകളിലും നടന്നു. തദ്ദേശ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ റിപ്പോർട്ടിലെ ഉള്ളടക്കം പുറത്തുവിട്ടിട്ടില്ല. റിപ്പോർട്ട് മന്ത്രിസഭാ യോഗത്തിൽ വെക്കും. രണ്ടാംഘട്ട റിപ്പോർട്ടുകൂടി സമർപ്പിക്കേണ്ടതിനാൽ കമ്മിഷന്റെ കാലാവധി നീട്ടിനൽകിയിട്ടുണ്ട്.

Post a Comment

Thanks

Previous Post Next Post