‘നല്ല ഭരണം വരണം, നല്ല നേതാക്കൾ‌ ഭരിക്കാനുണ്ടാകണം’: മൂക്കു കൊണ്ട് വോട്ടു രേഖപ്പെടുത്തി ആസിം വെളിമണ്ണ


  കോഴിക്കോട് | കാൽവിരലിൽ മഷി പുരട്ടി വോട്ടിങ് മെഷീനിൽ മൂക്കു കൊണ്ട് വോട്ടു രേഖപ്പെടുത്തി ആസിം വെളിമണ്ണ. ഓമിശ്ശേരി പഞ്ചായത്തിലെ വെളിമണ്ണ വാർഡിലാണ് പരിമിതികളെയും വെല്ലുവിളികളെയും അതിജീവിച്ച് ശ്രദ്ധേയനായ ആസിം വെളിമണ്ണ തന്റെ കന്നിവോട്ട് രേഖപ്പെടുത്തിയത്. ജന്മനാ ഇരുകൈകളുമില്ലാത്ത ആസിം സംസ്ഥാന യുവജന കമ്മിഷന്റെ പ്രഥമ യുവപ്രതിഭാ പുരസ്കാര ജേതാവു കൂടിയാണ്. പാരിസിൽ നടക്കുന്ന ലോക പാരാ സ്വമ്മിങ്ങിൽ മത്സരിക്കാനും അടുത്തിടെ യോഗ്യത നേടിയിരുന്നു. 


നല്ല ഭരണം വരണമെന്നും നല്ല നേതാക്കൾ ഭരിക്കാനുണ്ടാകണം എന്ന ആഗ്രഹമാണ് തനിക്കുള്ളതെന്ന് വോട്ടു രേഖപ്പെടുത്തിയ ശേഷം ആസിം പറഞ്ഞു. ഹൈദരാബാദിൽ നടന്ന നാഷനൽ പാരാ സ്വിമ്മിങ് ചാംപ്യൻഷിപ്പിൽ 100, 50 മീറ്റർ ഫ്രീസ്റ്റൈൽ, 50 മീറ്റർ ബാക്ക്‌സ്ട്രോക്ക് ഇനങ്ങളിൽ ദേശീയ റെക്കോർഡോടെ 3 സ്വർണ മെഡൽ നേടിയ മുഹമ്മദ് ആസിം വെളിമണ്ണ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. തുടർച്ചയായ മൂന്നാം വർഷമാണ് ആസിം മൂന്നു സ്വർണ മെഡൽ നേടിയത്.


ഇതോടെ ദേശീയ പാരാ സ്വിമ്മിങ് ചാംപ്യൻഷിപ്പിൽ ആസിമിന്റെ സ്വർണ മെഡൽ നേട്ടം 9 ആയി. 2026 ലെ ഏഷ്യൻ പാരാ ഗെയിംസ്, കോമണ്‍വെൽത്ത് പാരാ ഗെയിംസ്, 2028 ൽ അമേരിക്കയിൽ നടക്കുന്ന പാരാ ഒളിംപിക്സ് തുടങ്ങിയ രാജ്യാന്തര മത്സരങ്ങള്‍ക്കായി ഒരുങ്ങുകയാണ് ആസിം. മദ്രസ അധ്യാപകനായ വെളിമണ്ണ ആലത്തുകാവിൽ മുഹമ്മദ് ഷഹീദിന്റെയും ജംസീനയുടെയും മകനാണ്.

Post a Comment

Thanks

أحدث أقدم