തിരുവനന്തപുരം: റബ്ബർ ടാപ്പിംഗ് തൊഴിലാളിയായിരുന്നയാൾ തോട്ടത്തിലെ നോട്ടക്കാരനെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. കന്യാകുമാരി സ്വദേശി സാലമനാണ് കൊല്ലപ്പെട്ടത്. തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ പ്രകാശാണ് കേസിലെ പ്രതി.
പത്തനംതിട്ട ജില്ലാ കോടതി ഏഴ് വർഷത്തിന് ശേഷമാണ് കേസിൽ വിധി പ്രഖ്യാപിച്ചത്.2017 ഓഗസ്റ്റ് 14-ന് പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കര കോടമലയിലായിരുന്നു സംഭവം. ടാപ്പിംഗ് തൊഴിലാളിയായി ജോലി ചെയ്തിരുന്ന പ്രകാശ് റബ്ബർ മരങ്ങൾ കൃത്യമായി ടാപ്പ് ചെയ്യാതിരുന്നത് നോട്ടക്കാരനായ സാലമൻ തോട്ടം ഉടമയെ അറിയിക്കുകയുണ്ടായി.
ഇതിലുള്ള പക കാരണം പ്രതി, സാലമൻ താമസിച്ചിരുന്ന വീട്ടിൽ അതിക്രമിച്ചു കയറി. അവിടെവെച്ച് സാലമന്റെ കൈകളും കാലുകളും തല്ലിയൊടിച്ച ശേഷം പ്രതി തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രകാശിനെ സ്വന്തം സ്ഥലമായ കാട്ടാക്കടയിൽ നിന്നാണ് പോലീസ് പിടികൂടിയത്.
ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് പ്രതിക്ക് ജീവപര്യന്തം ശിക്ഷ ഉറപ്പാക്കിയത്. സാലമൻ വധത്തിന് ശേഷവും പ്രകാശ് മറ്റൊരു വധശ്രമക്കേസിലും പ്രതിയായിരുന്നു. കോടതി വിധിച്ച മൂന്ന് ലക്ഷം രൂപ പിഴയിൽ നിന്ന് ഒന്നരലക്ഷം രൂപ കൊല്ലപ്പെട്ട സാലമന്റെ കുടുംബത്തിന് നൽകണമെന്നും കോടതി ഉത്തരവിട്ടു.

Post a Comment
Thanks